അവിഹിത ബന്ധം സര്‍വീസ് ചട്ടം അനുസരിച്ച് പെരുമാറ്റ ദൂഷ്യമല്ല, അതിന്റെ പേരില്‍ പിരിച്ചുവിടാനാവില്ല; ഹൈക്കോടതി

ബന്ധം സമ്മതത്തോടെയുള്ളതായിരുന്നുവെന്ന് സ്ത്രീ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


അഹമ്മദാബാദ്: അവിഹിത ബന്ധം സമൂഹത്തിന്റെ കണ്ണില്‍ അധാര്‍മിക പ്രവൃത്തിയാണെങ്കിലും സര്‍വീസ് ചട്ടം അനുസരിച്ച് പെരുമാറ്റ ദൂഷ്യമായി കണക്കാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. അവിഹിത ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പൊലീസ് ഹെഡ്ക്വാര്‍ട്ടഴ്‌സില്‍ കുടുംബത്തിനൊപ്പമാണ് പൊലീസുകാരന്‍ താമസിച്ചിരുന്നത്. ഇവിടെ ഒരു വിധവയുമായി ഇയാള്‍ ബന്ധമുണ്ടാക്കി. ഇതിന്റെ പേരില്‍ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് പൊലീസുകാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജിക്കാരന്‍ അച്ചടക്കത്തോടെ പെരുമാറേണ്ട സേനയുടെ ഭാഗമാണെങ്കിലും ഇതൊരു സ്വകാര്യ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  അവിഹിത ബന്ധം സമൂഹത്തിന്റെ കണ്ണില്‍ അധാര്‍മികമായിരിക്കാം, എന്നാല്‍ പൊലീസ് ചട്ടം അനുസരിച്ച് പെരുമാറ്റ ദൂഷ്യമായി കാണാനാവില്ല. പൊലീസുകാരന്റെ പ്രവൃത്തി ഏതെങ്കിലും വിധത്തിലുള്ള ചൂഷണമല്ലെന്നും കോടതി വിലയിരുത്തി.

ബന്ധം സമ്മതത്തോടെയുള്ളതായിരുന്നുവെന്ന് സ്ത്രീ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. ഒരു വിധത്തിലും സ്ത്രീയെ ചൂഷണം ചെയ്തിട്ടില്ലെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസുകാരന്‍ വാദിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ, കൃത്യമായ അന്വേഷണം നടത്താതായാണ് തന്നെ പിരിച്ചുവിട്ടതെന്നും പൊലീസുകാരന്‍ പറഞ്ഞു. 

വിധവയുടെ വീട്ടുകാര്‍ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com