കോംഗോയില്‍ യുഎന്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സൈനികര്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

കിന്‍ഷാസ/ന്യൂഡല്‍ഹി: കോംഗോയില്‍ യുഎന്‍ സമാധാന സേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സമാധാന സേനയില്‍ അംഗങ്ങളായ ബിഎസ്എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ടിഎസ് തിരുമൂര്‍ത്തി അറിയിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള യുഎന്‍ ദൗത്യ സംഘത്തിന് നേരെ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിനിടെയാണ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. 

സൈനികര്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ബിഎസ്എഫിലെ രണ്ട് ധീരരായ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു' എന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ ക്രൂരമായ ആക്രമണങ്ങളുടെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ സൈനികരുടെ കൊലപാതകത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്സും അപലപിച്ചു. ആക്രമണത്തില്‍ ഒരു ഈജിപ്ഷ്യന്‍ സൈനികനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കോംഗോയിലെ നോര്‍ത്ത് കിവു പ്രവിശ്യയില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം നടന്നത്. 17,700 അംഗങ്ങളുള്ള സമാധാന സേനയില്‍ ഏറ്റവും കൂടുതല്‍ സൈനികരെ വിട്ടുനല്‍കിയിട്ടുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ബിഎസ്എഫില്‍ നിന്ന് 1,888 സൈനികരും പൊലീസ് സേനയില്‍ നിന്ന് 139പേരും ഇന്ത്യന്‍ സംഘമായി കോംഗോയിലുണ്ട്. 

ബുട്ടംബോ സൈനിക ബേസില്‍ ഇരച്ചു കയറിയ അക്രമികള്‍, കോംഗോ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കുയും യുഎന്‍ സമാധാന സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുഎന്‍ അടിയന്തര സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 

അക്രമികളെ തുരത്താനായി മൊറോക്കന്‍ പൊലീസ് ആകാശത്തേക്ക് വെടിവെയ്ക്കുകയും ബിഎസ്എഫ് സേനാംഗങ്ങള്‍ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. പിരിഞ്ഞു പോയ അക്രമികള്‍ വീണ്ടും സംഘടിച്ചെത്തുകയും സൈനികര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു.  

യുഎന്‍ സമാധാന സേനയ്ക്ക് എതിരെ പ്രതിഷേധം നടത്താന്‍ കോംഗോയിലെ ഭരണകക്ഷിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടന ആഹ്വാനം നടത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് പലയിടങ്ങളായി യുഎന്‍ സേനയ്ക്ക് നേരെ അക്രമം അരങ്ങേറുകയാണ്. 
അക്രമ സംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കോംഗോ അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com