മോദി നല്‍കിയ 15 ലക്ഷം അക്കൗണ്ടില്‍; കര്‍ഷകന്‍ പുതിയ വീട് ഉണ്ടാക്കി; ആറ് മാസം കഴിഞ്ഞപ്പോള്‍ ഞെട്ടല്‍! 

മോദി നല്‍കിയ 15 ലക്ഷം അക്കൗണ്ടില്‍; കര്‍ഷകന്‍ പുതിയ വീട് ഉണ്ടാക്കി; ആറ് മാസം കഴിഞ്ഞപ്പോള്‍ ഞെട്ടല്‍! 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകനായ ഗ്യാനേശ്വര്‍ ഒതെ ബാങ്കിലെ തന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ 15 ലക്ഷം വന്നപ്പോള്‍ ആദ്യം അമ്പരന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം തന്റെ അക്കൗണ്ടില്‍ വന്നതായി ഗ്യാനേശ്വര്‍ സന്തോഷിച്ചു. പിന്നാലെ നന്ദിയറിയിച്ച് കര്‍ഷകന്‍ മോദിക്ക് കത്തും അയച്ചു. 

2021 ഓഗസ്റ്റ് മാസത്തിലാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഗ്യാനേശ്വറിന്റെ ബാങ്ക് ഓഫ് ബറോഡയുടെ ജന്‍ ധന്‍ അക്കൗണ്ടിലാണ് 15 ലക്ഷം എത്തിയത്. ഇതില്‍ നിന്ന് ഒന്‍പത് ലക്ഷം പിന്‍വലിച്ച് കര്‍ഷകന്‍ പുതിയ വീടും പണിതു. 

പക്ഷേ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആ 15 ലക്ഷം ഇത്ര വലിയ പണിയായി മാറുമെന്ന് ഗ്യാനേശ്വര്‍ കരുതിയില്ല. ബാങ്കിന്റെ അറിയിപ്പ് കിട്ടിയപ്പോഴാണ് ഗ്യാനേശ്വര്‍ ആകെ അങ്കലാപ്പിലായത്. അക്കൗണ്ടില്‍ 15 ലക്ഷം വന്നത് ബാങ്കിന് പറ്റിയ അബദ്ധമാണെന്നും പിന്‍വലിച്ച പണം മുഴുവന്‍ തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ബാങ്ക് ഗ്യാനേശ്വറിന് അറിയിപ്പ് നല്‍കിയത്. 

പിംപല്‍വാഡി ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനായി അനുവദിച്ച പണമാണ് വഴി മാറി ഗ്യാനേശ്വറിന്റെ അക്കൗണ്ടിലെത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അക്കൗണ്ടിലെ ശേഷിച്ച ആറ് ലക്ഷം ബാങ്കിലേക്ക് തിരിച്ചടച്ചു. എന്നാല്‍ ശേഷിക്കുന്ന ഒന്‍പത് ലക്ഷം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെന്ന് ഗ്യാനേശ്വര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com