ജീവനോടെ തിരിച്ചെത്തി, മുഖ്യമന്ത്രിയെ നന്ദി അറിയിക്കണം; പരിഹസിച്ച് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 04:49 PM  |  

Last Updated: 05th January 2022 04:50 PM  |   A+A-   |  

narendramodi

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സുരക്ഷാവീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കണമെന്ന് മോദി ഭട്ടിന്‍ഡ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ ഭാഗത്തിന്റെ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലന്ന് പഞ്ചാബ് ചരണ്‍ജിത്ത് സിങ്ങ് ഛന്നി മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് വിശദമായ റപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനാസ്ഥവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 

പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്. 

മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രി കുടുങ്ങിയത് 20 മിനിറ്റ്‌
 

എന്നാല്‍ ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍  പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ആഭ്യന്തമന്ത്രാലയം വിശദമാക്കുന്നു. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. 

ഫ്‌ലൈ ഓവറില്‍ 20 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ  ബതിന്ദ വിമാനത്താവളത്തിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും കേന്ദ്രം ആരോപിക്കുന്നു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രിയെ തടയുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഫിറോസ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാനായിരുന്നു ആഹ്വാനം.