ബിജെപിക്ക് അടുത്ത പ്രഹരം; സഖ്യകക്ഷി എംഎല്‍എമാര്‍ രാജിവച്ചു, പടിഞ്ഞാറന്‍ യുപി ആര്‍എല്‍ഡിക്ക്, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അഖിലേഷ്

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും കൊഴിഞ്ഞുപോക്കില്‍ കുഴങ്ങിനില്‍ക്കുന്ന ബിജെപിക്ക് അടുത്ത പ്രഹരമായി ഘടകക്ഷിയില്‍ നിന്നും രാജി
അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം/എസ്പി ട്വിറ്റര്‍
അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം/എസ്പി ട്വിറ്റര്‍

ലഖ്‌നൗ: എംഎല്‍എമാരുടെയും മന്ത്രിമാരുടെയും കൊഴിഞ്ഞുപോക്കില്‍ കുഴങ്ങിനില്‍ക്കുന്ന ബിജെപിക്ക് അടുത്ത പ്രഹരമായി ഘടകക്ഷിയില്‍ നിന്നും രാജി. പ്രധാന സസഖ്യകക്ഷിയായ അപ്‌നാ ദള്‍ (എസ്) പാര്‍ട്ടിയില്‍ നിന്നും രണ്ട് എംഎല്‍എമാര്‍ രാജിവച്ചു. വിശ്വനാഥ് ഗഞ്ച് എംഎല്‍എ ആര്‍ കെ വെര്‍മ, ശോഹരത്ഗഞ്ച് എംഎല്‍എ ചൗധരി അമര്‍ സിങ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ പാര്‍ട്ടിയാണ് അപ്‌ന ദള്‍. 

ഇതുവരെ ബിജെപിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത് 9 എംഎല്‍എമാരാണ്. ഇതില്‍ മൂന്നു മന്ത്രിമാരുമുണ്ട്. ലഖിംപുര്‍ ഖേരിയില്‍ നിന്നുള്ള എംഎല്‍എ ബാലാപ്രസാദ് അവസ്തി, ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിങ് സെയ്‌നി, പിന്നാക്ക വിഭാഗം നേതാവും എംഎല്‍എയുമായ മുകേഷ് വര്‍മ എന്നിവരാണ് ഇന്ന് പാര്‍ട്ടി വിട്ടത്. ഈ നേതാക്കളെല്ലാം എസ്പി നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. ഉടനെതന്നെ ഇവര്‍ എസ്പിയില്‍ ചേരുമെന്നാണ് സൂചന. 

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എസ്പി സഖ്യം

അതേസമയം, സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയുടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 29 സീറ്റുകളുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 10 സീറ്റിലാണ് എസ്പി മത്സരിക്കുന്നത്. ബാക്കി 19 സീറ്റുകളില്‍ സഖ്യകക്ഷിയായ ആര്‍എല്‍ഡി മത്സരിക്കും. പശ്ചിമ യുപിയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളാണിവ. പശ്ചിമ യുപിയില്‍ ആര്‍എല്‍ഡിക്കാണ് എസ്പി കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com