പഠിത്തതില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞ് മാതാപിതാക്കളുടെ അമിത സമ്മര്‍ദ്ദം, വീട്ടില്‍ നിന്ന് ഒളിച്ചോടിയ 14കാരി മഹാരാഷ്ട്രയില്‍; വീട്ടുകാരുമായി ഒന്നിപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2022 11:47 AM  |  

Last Updated: 30th January 2022 11:47 AM  |   A+A-   |  

Mumbai Auto Driver's Swift Action Reunites Runaway Delhi Girl With Family

പ്രതീകാത്മക ചിത്രം

 

മുംബൈ: ഡല്‍ഹിയില്‍ നിന്ന് ഒളിച്ചോടി മഹാരാഷ്ട്രയില്‍ എത്തിയ പെണ്‍കുട്ടിയെ കുടുംബവുമായി ഒന്നിപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവറുടെ നന്മ. പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാണ് വീണ്ടും വീട്ടുകാരുമായി പെണ്‍കുട്ടി ഒന്നിക്കുന്നതിന് കളമൊരുക്കിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവം.പാല്‍ഘറില്‍ വസായ് സ്‌റ്റേഷന് മുന്നില്‍ ട്രിപ്പിനായി ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു കാത്തുനില്‍ക്കുമ്പോഴാണ് 14കാരി സമീപിച്ചത്. പ്രദേശത്ത് താമസിക്കാന്‍ ഒരു മുറി കിട്ടുമോ എന്ന് ചോദിച്ച് കൊണ്ടാണ് പെണ്‍കുട്ടി ഓട്ടോറിക്ഷ ഡ്രൈവറെ സമീപിച്ചത്. സംശയം തോന്നിയ രാജു, പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചു.

ഡല്‍ഹിയില്‍ നിന്നാണ് വരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒറ്റയ്്ക്കാണെന്നും അറിയിച്ചു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ട്രാഫിക് പൊലീസിനെ രാജു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കാര്യങ്ങള്‍ തിരക്കി. പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നത് സഹിക്കാന്‍ വയ്യാതെയാണ് വീട്ടില്‍ നിന്ന് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി അറിയിച്ചതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലുള്ള കുടുംബത്തെ വിളിച്ചറിയിച്ചതോടെയാണ് പെണ്‍കുട്ടി വീണ്ടും കുടുംബവുമായി ഒന്നിച്ചത്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.