യഥാര്‍ത്ഥ ശിവസേനയാര്?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണം, ഉദ്ധവ് പക്ഷം സുപ്രീംകോടതിയില്‍

ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു
ഉദ്ധവ് താക്കറെ/ ഫയല്‍
ഉദ്ധവ് താക്കറെ/ ഫയല്‍


ന്യൂഡല്‍ഹി: ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി തീരുമാനം ഉണ്ടാകുംവരെ കമ്മീഷന്‍ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് താക്കറെയുടെ നീക്കം.

വിഷയത്തില്‍ നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി തീരുമാനം എടുക്കുന്നതുവരെ യഥാര്‍ത്ഥ ശിവസേന ആരാണെന്ന കാര്യത്തില്‍ കമ്മീഷന് തീരുമാനം എടുക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

തങ്ങളെ യഥാര്‍തേഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്നാഥ് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെനന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചു. ഇതിനേത്തുടര്‍ന്ന് ഓഗസ്റ്റ് എട്ടിനകം പിന്തുണയ്ക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇരുവിഭാഗത്തോടും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

ഇതിനെ ഷിന്‍ഡെ വിഭാഗം സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും 50 എംഎല്‍എമാരുടേയും മൂന്നില്‍ രണ്ട് എംപിമാരുടേയും പിന്തുണയുള്ള തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തും താക്കറെ വിഭാഗം ഹര്‍ജി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com