നിയമനം സുതാര്യമെങ്കില്‍ പിന്നെ മടിയെന്തിന്?; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിന്റെ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 05:28 PM  |  

Last Updated: 23rd November 2022 05:28 PM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: അരുണ്‍ ഗോയലിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നാളെത്തന്നെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. 

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച അരുണ്‍ ഗോയല്‍ ചുമതലയേറ്റിരുന്നു. 

നിയമന ഫയലുകള്‍ ഹാജരാക്കുന്നതിനെ എതിര്‍ത്ത കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട കേസ് കോടതി കേള്‍ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഈ നിയമനം നടന്നത്. എങ്ങനെ നിയമനം നടത്തുന്നുവെന്ന് കോടതി നോക്കട്ടെ. നിയമന നടപടികള്‍ എല്ലാം സുതാര്യമാണെങ്കില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഫയലുകള്‍ ഹാജരാക്കാന്‍ മടി കാട്ടുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. 

അരുണ്‍ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നാളെത്തന്നെ ഹാജരാക്കാനും അറ്റോണി ജനറല്‍ ആര്‍ വെങ്കടരമണിയോട് കോടതി ആവശ്യപ്പെട്ടു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവിലാണ് അരുണ്‍ഗോയലിനെ നിയമിച്ചത്. മെയില്‍  സുശീല്‍ ചന്ദ്ര വിരമിച്ചശേഷം ആറുമാസം തെരഞ്ഞെടുപ്പ് കമ്മീണര്‍ പദവിയില്‍ നിയമനം നടത്തിയിരുന്നില്ല. 

തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനത്തിനുള്ള നിഷ്‌പക്ഷ സമിതിയിൽ ചീഫ്‌ ജസ്‌റ്റിസ്‌ അംഗമാകുന്നത്‌ വിശ്വാസ്യത വർധിപ്പിക്കുമെന്ന്‌ സുപ്രീംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബാഹ്യസമ്മർദങ്ങൾ ഒന്നും നിയമനത്തെ ബാധിക്കില്ലെന്ന സന്ദേശം നൽകാൻ അതിലൂടെ സാധിക്കുമെന്നും ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ അഞ്ചംഗബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. നിലവിൽ കേന്ദ്രസർക്കാരാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണറെ തെരഞ്ഞെടുക്കുന്നത്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിചാരണകള്‍ വേഗത്തിലാക്കാന്‍ ചീഫ് ജസ്റ്റിസ്; അടുത്ത ആഴ്ച മുതല്‍ സുപ്രീംകോടതിയില്‍ നാലു പ്രത്യേക ബെഞ്ചുകള്‍ തുടങ്ങുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ