മതസ്പര്‍ധയുണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍; പത്ത് യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകള്‍ വിലക്കി കേന്ദ്രം 

പത്ത് യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പത്ത് യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. മതസ്പര്‍ധയുണ്ടാക്കുന്നതിനായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇവ നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം യൂട്യൂബിനു നിര്‍ദേശം നല്‍കി.

സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നതായി കേന്ദ്രം അറിയിച്ചു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങള്‍, സമുദായങ്ങള്‍ക്കെതിരായ അക്രമാസക്തമായ ഭീഷണികള്‍, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം വീഡിയോകള്‍ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കാനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതായും കേന്ദ്രം അറിയിച്ചു. 2000ലെ ഐടി നിയമത്തിന്റെ സെക്ഷന്‍ 69 എയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നിരോധിച്ചത്.

ചില വീഡിയോകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് നടപടി. 1.3 കോടിയോളം ആളുകള്‍ കണ്ട വിഡിയോകളാണ് ബ്ലോക്ക് ചെയ്തത്. ചില വീഡിയോകള്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യക്കു പുറത്തു തെറ്റായ ബാഹ്യ അതിര്‍ത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നവയാണ്. ഇത്തരത്തില്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com