ബിഹാറില്‍ നഴ്‌സിനെ ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലന്‍സില്‍

സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഫയൽ ചിത്രം
ഫയൽ ചിത്രം

പട്ന: സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. ഈസ്റ്റ് ചമ്പാരന്‍ മോത്തിഹാരിയിലെ ജാനകി സേവാസദന്‍ നഴ്സിങ് ഹോമില്‍ നഴ്സായിരുന്ന യുവതിയെയാണ് ഡോക്ടറായ ജയപ്രകാശ് ദാസും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കാണാതായ യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നാണ് കണ്ടെത്തിയത്. 

സംഭവത്തില്‍ ഡോ. ജയപ്രകാശ് ദാസ് അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നഴ്സിങ് ഹോം പൊലീസ് സീല്‍ചെയ്തു.

നാലുവയസ്സുള്ള കുട്ടിയുടെ അമ്മയും വിധവയുമായ 30-കാരിയാണ് കൊല്ലപ്പെട്ടത്. മന്‍തോഷ് കുമാര്‍ എന്നയാളും ഡോ. ജയപ്രകാശ് ദാസും ചേര്‍ന്നാണ് നഴ്സിങ് ഹോം നടത്തിയിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇരുവരും നിര്‍ബന്ധിച്ചത് പ്രകാരമാണ് ആശുപത്രിയില്‍ ജോലിക്ക് വിട്ടതെന്നായിരുന്നു യുവതിയുടെ അമ്മയുടെ പ്രതികരണം.

'ഭര്‍ത്താവിന്റെ മരണശേഷം മകള്‍ എന്റെ കൂടെയായിരുന്നു താമസം. ഞങ്ങളുടെ അവസ്ഥകണ്ടാണ് മന്‍തോഷ് കുമാറും ജയപ്രകാശ് ദാസും മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. ഒരുജോലി നോക്കിയിരുന്ന സമയമായതിനാല്‍ മകളും ആശുപത്രിയിലെ ജോലിക്ക് സമ്മതിച്ചു. ഒരിക്കല്‍ വീട്ടില്‍വന്നശേഷം മകള്‍ തിരികെ ആശുപത്രിയിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഡോക്ടറുടെയും മറ്റുള്ളവരുടെയും പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും ആശുപത്രിയില്‍വെച്ച് ഉപദ്രവം നേരിട്ടെന്നുമാണ് മകള്‍ പറഞ്ഞത്. തിരികെ പോകാതിരുന്നതോടെ ജയപ്രകാശും മന്‍തോഷ് കുമാറും വീട്ടില്‍വന്ന് ക്ഷമാപണം നടത്തി. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ ശമ്പളവും സുരക്ഷയും ഉറപ്പുനല്‍കി. ഇതനുസരിച്ച് ഓഗസ്റ്റ് എട്ടാം തീയതിയാണ് മകള്‍ വീണ്ടും ആശുപത്രിയിലേക്ക് പോയത്'-അമ്മ പറഞ്ഞു. എന്നാല്‍, ഓഗസ്റ്റ് എട്ടാം തീയതി ആശുപത്രിയിലേക്ക് പോയ മകള്‍ പിന്നീട് തിരികെ എത്തിയില്ലെന്നും ഇതിനുപിന്നാലെ മകള്‍ക്ക് സുഖമില്ലെന്ന് ഡോ ജയപ്രകാശ് വിളിച്ചറിയിച്ചെന്നും അമ്മ വെളിപ്പെടുത്തി.

മകളുടെ ആരോഗ്യനില മോശമാണെന്നും മുസാഫര്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് ഡോക്ടര്‍ വിളിച്ചറിയിച്ചത്. എന്നാല്‍ മുസാഫര്‍പുരിലെ ആശുപത്രിയിലെത്തി തിരച്ചില്‍ നടത്തിയിട്ടും മകളെ കണ്ടെത്താനായില്ല. ഒടുവില്‍ വ്യാപകമായ തിരച്ചിലിന് ശേഷമാണ് ഒരു ആംബുലന്‍സിനുള്ളില്‍ മകളുടെ മൃതദേഹം കണ്ടെത്തിയതെന്നും അമ്മ പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com