ബംഗാളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് ബിജെപി

ബംഗാളില്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ വീണ്ടും ബിജെപിയുടെ പ്രതിഷേധം
നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങള്‍
നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങള്‍

കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ വീണ്ടും ബിജെപിയുടെ പ്രതിഷേധം. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബിജെപി ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെ തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതി പരാമര്‍ശിച്ചില്ല എന്നാരോപിച്ച് ബിജെപി എംഎല്‍എമാര്‍ സഭവിട്ടു.

ഗവര്‍ണര്‍ ആനന്ദ ബോസ് പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗം ഗവര്‍ണര്‍ വായിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. പ്രസംഗത്തിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും അഴിമതിക്കാരായ സര്‍ക്കാരാണിത്. ഗവര്‍ണറുടെ പ്രസംഗത്തില്‍ അഴിമതിക്കേസുകളെക്കുറിച്ചോ ടിഎംസി നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് സഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നു സുവേന്ദു അധികാരി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായ പരസ്യപ്രതികരണം പാടില്ലെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഡിലിറ്റ് നല്‍കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ മമതയെ സര്‍വപ്പള്ളി രാധാകൃഷ്ണന്‍, എപിജെ അബ്ദുള്‍ കലാം, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരോട് താരതമ്യപ്പെടുത്തിയതിനെതിരെ ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com