പ്രതീകാത്മക ചിത്രം: പിടിഐ
പ്രതീകാത്മക ചിത്രം: പിടിഐ

എച്ച്3 എന്‍2 വൈറസ് വ്യാപനം; ജാഗ്രത പാലിക്കണം, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത് 

എച്ച്3 എന്‍2 വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: എച്ച്3 എന്‍2 വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം. വൈറസ് വ്യാപനം തടയുന്നിന് ആവശ്യമായ ബോധവത്കരണം നടത്തണം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന്റേയും കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 

ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലും കേന്ദ്രം ആശങ്ക രേഖപ്പെടുത്തി. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം തീരെ കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. ടെസ്റ്റ്- ട്രാക്ക്- ചികിത്സ- വാക്‌സിനേഷന്‍- കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍ എന്നിവയെ ഗൗരവത്തോടെ കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു. 

എന്താണ് എച്ച്3എന്‍2 വൈറസ്?


ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എന്‍2, ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. പക്ഷികളെയും മൃഗങ്ങളെയും ഈ വൈറസ് ബാധിക്കാറുണ്ട്. 

ലക്ഷണങ്ങള്‍?

ഇന്‍ഫ്ളുവന്‍സ വൈറസ് ബാധ മനുഷ്യരില്‍ പനിയും കടുത്ത ചുമയും ഉണ്ടാകാന്‍ കാരണമാകുകയും ഇത് പിന്നീട് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം മുതല്‍ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. 

തണുപ്പ്, ചുമ, പനി, ഓക്കാനും, ഛര്‍ദ്ദി, തൊണ്ടവേദന, പേശികളിലും ശരീരത്തിലും വേദന, വയറിളക്കം, തുമ്മല്‍. മൂക്കൊലിപ്പ് എന്നിവയാണ് എച്ച്3എന്‍2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയും നെഞ്ചില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കണം. 

എങ്ങനെയാണ് വൈറസ് പകരുന്നത്?

വളരെ പെട്ടെന്ന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ, വൈറസ് ബാധയുള്ള വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവരുന്ന സ്രവത്തിലൂടെയാണ് പകരുന്നത്. വൈറസ് സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ചശേഷം വായിലോ മൂക്കിലോ തൊട്ടാല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കും. ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയൊക്കെ വൈറസ് പെട്ടെന്ന് പിടികൂടും. 

മുന്‍കരുതലുകള്‍

വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പള്‍സ് ഓക്സിമീറ്ററിന്റെ സഹായത്തോടെ ശരീരത്തിലെ ഓക്സിജന്‍ നില ഇടയ്ക്കിടെ പരിശോധിക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 95ശതമാനത്തില്‍ കുറവാണെങ്കില്‍ ഡോക്ടറെ കാണണം. ഇത് 90ല്‍ താഴെയാണെങ്കില്‍ അടിയന്തര വൈദ്യ സഹായം തേടണം. ഇത്തരം സാഹചര്യങ്ങളില്‍ ഒരിക്കലും സ്വയം ചിക്തയില്‍ ആശ്രയിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പനി നിയന്ത്രിക്കാന്‍ അസറ്റാമോഫെന്‍ ഐബുപ്രോഫെന്‍ തുടങ്ങിയ വേദനസംഹാരികള്‍ കഴിക്കുന്നത് ചികിത്സയുടെ ഭാഗമാണ്. തീവ്ര ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ആന്റിവൈറല്‍ മരുന്നുകള്‍ ശുപാര്‍ശ ചെയ്യാറുണ്ട്. 

ചെയ്യേണ്ടതും ചെയ്യരുതാത്തതും

പതിവായി കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം

മാസ്‌ക് സ്ഥിരമായി ഉപയോഗിക്കുക, ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം

ഇടയ്ക്കിടെ വായിലും മൂക്കിലും തൊടുന്നത് ഒഴിവാക്കാം

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും നന്നായി മറയ്ക്കുക. 

ശരീരത്തില്‍ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക, ഇടയ്ക്കിടെ വെള്ളം കുടിക്കണം

പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ പാരസെറ്റാമോള്‍ കഴിക്കാം

പൊതുസ്ഥലത്ത് തുപ്പരുത്

ഷേയ്ക്ക്ഹാന്‍ഡ്, ഹഗ്ഗ് പോലുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം

ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സിക്കാന്‍ പാടില്ല. സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്. 

അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com