'ചാർജർ കുത്തിയപ്പോൾ ഷോർട്ട് സർക്യൂട്ട്': ഡൽഹി–ദർഭംഗ എക്സ്‌പ്രസിന് തീ പിടിച്ചു, എട്ട് പേർക്ക് പരിക്ക്

ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ട്രെയിനിന് തീ പിടിച്ചപ്പോൾ/ ചിത്രം: പിടിഐ
ട്രെയിനിന് തീ പിടിച്ചപ്പോൾ/ ചിത്രം: പിടിഐ

ലക്‌നൗ: ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ച് എട്ടുപേർക്ക് പരുക്ക്. ഡൽഹി–ദർഭംഗ എക്സ്‌പ്രസിലാണ് തീ പടർന്നത്. ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഉത്തർപ്രദേശിലെ എത്‌വയിൽ വെച്ചാണ് ട്രെയിനിന്റെ നാല് സ്ലീപ്പർ കോച്ചുകള്‍ക്ക് തീപിടിച്ചത്. അപകടത്തിൽ കൂടുതൽപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. വലിയ ജനത്തിരക്കായതിനാൽ പരുക്കേറ്റവരുടെ എണ്ണത്തിൽ വ്യക്തതയില്ല.  ഇലക്ട്രിക് ബോര്‍ഡിലാണ് ആദ്യം തീ കണ്ടത്. യാത്രക്കാരിലൊരാള്‍ ചാര്‍ജര്‍ കുത്തിയതോടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ വ്യക്തമാക്കി. തുടര്‍ന്ന് തീ പടരുകയായിരുന്നു. യാത്രക്കാരുടെ ബാഗുകളെല്ലാം തീയില്‍ കത്തിയമര്‍ന്നു. 

സാരാബായ് –ഭൂപത്  സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെ സ്‌റ്റേഷന്‍ മാസ്റ്ററാണ് സ്ലീപ്പര്‍ കോച്ചില്‍ തീപിടിത്തം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ട്രെയിനിന്റെ ലോക്കോ പൈലറ്റിനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നു. തീ പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ഛത്ത് ഉത്സവത്തെ തുടർന്ന് ബിഹാറിലേക്കുള്ള ട്രെയിനുകളിൽ വലിയ ജനതിരക്കാണ് അനുഭവപ്പടുന്നത്. അതിനിടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമെന്നാണ് റിപ്പോർട്ട്. തീ നിയന്ത്രണവിധേയമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com