വാടകയെ ചൊല്ലി തര്‍ക്കം; ഭാര്യയുടെ ദേഹത്ത് തിളച്ച സാമ്പാര്‍ ഒഴിച്ചു, 48കാരന് വേണ്ടി തിരച്ചില്‍ 

കര്‍ണാടകയില്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ തിളച്ച സാമ്പാര്‍ ഒഴിച്ച് ഭര്‍ത്താവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ തിളച്ച സാമ്പാര്‍ ഒഴിച്ച് ഭര്‍ത്താവ്. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ 48കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ബംഗളൂരുവില്‍ യശ്വന്ത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സയീദ് മൗലയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്.  തൊട്ടടുത്ത് താമസിക്കുന്ന വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ പോയാല്‍ വാടക അടയ്ക്കാനുള്ള പണം കിട്ടുമെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ പോകാന്‍ മൗല തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ മൗല, കുക്കര്‍ എടുത്ത് തിളച്ച സാമ്പാര്‍ ഭാര്യയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ദമ്പതികള്‍ക്ക് നാലു കുട്ടികളാണ് ഉള്ളത്. മൗല കടയില്‍ നിന്ന് വീട്ടിലേക്ക് വന്ന സമയത്താണ് സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്തെ വീട്ടുകാര്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്ത് തരണമെന്ന് പറഞ്ഞ് മൗലയുടെ ഭാര്യയെ സമീപിച്ചിരുന്നു. ഇത് ചെയ്ത് കൊടുക്കുകയാണെങ്കില്‍ കുറച്ചു പണം ലഭിക്കും. ഇത് ഉപയോഗിച്ച് വീടിന്റെ വാടക കൊടുക്കാന്‍ കഴിയുമെന്ന് ഭാര്യ മൗലയോട് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി വീടിന്റെ വാടക നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം വീടിന്റെ ഉടമ വാടക ചോദിച്ചിരുന്നു. എന്നാല്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യാന്‍ മൗല തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ മൗല ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവ സമയത്ത് വീട്ടില്‍ മറ്റു ചില ബന്ധുക്കളും ഉണ്ടായിരുന്നു. ദേഹത്ത് സാമ്പാര്‍ ഒഴിച്ച ശേഷവും ദേഷ്യം അടങ്ങാതെ, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ഭാര്യയെ കുത്തിക്കൊല്ലാനും 48കാരന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത് കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ മൗല സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com