മോദിയുടെ നിര്‍ദേശം, ജൂണില്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ച് കോവിന്ദ്; പ്രതിപക്ഷത്തെ പൊളിക്കാന്‍ ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍'

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കാന്‍ ബിജെപി തീരുമാനിച്ചത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയെന്ന് റിപ്പോര്‍ട്ട്
രാംനാഥ് കോവിന്ദ്, നരേന്ദ്ര മോദി/പിടിഐ
രാംനാഥ് കോവിന്ദ്, നരേന്ദ്ര മോദി/പിടിഐ

ന്യൂഡല്‍ഹി:  ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കാന്‍ ബിജെപി തീരുമാനിച്ചത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഏകീകരണം ഒഴിവാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജൂണില്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജൂണ്‍ രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയും രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ രാംനാഥ് കോവിന്ദിനോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സങ്കീര്‍ണമായ നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാംനാഥ് കോവിന്ദിനുള്ള മിടുക്കാണ് അദ്ദേഹത്തെ ഈ വിഷയം ഏല്‍പ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. 

2024 ലോകിസഭ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഏകീകരണം ഒഴിവാക്കാന്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രചാരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കുകയായിരുന്നു. രാജ്യം മറ്റു ചര്‍ച്ചകൡ സജീവമായി നിന്നപ്പോള്‍, രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി ഏല്‍പ്പിച്ച ജോലിക്ക് കളമൊരുക്കുകയായിരുന്നു. മൂന്നുമാസത്തിനിടെ പത്തു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി കോവിന്ദ് കൂടിക്കാഴ്ച നടത്തി. 

ജൂണ്‍ 9നും ഓഗസ്റ്റ് 29നും ഇടയിലാണ് അദ്ദേഹം ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബിജെപി ഈ വിഷയത്തില്‍ ബഹുദൂരം മുന്നോട്ടുപേയിക്കഴിഞ്ഞു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നാണ് സൂചന. 

2025ല്‍ കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ അടക്കമുള്ള നിയമസഭകള്‍ പിരിച്ചുവിടാനും, അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടാകും എന്നാണ് സൂചന. 

നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു വരുന്നതോടെ, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിയമസഭയില്‍ പരസപരം മത്സരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, ലോക്‌സഭയില്‍ ബിജെപിക്ക് എതിരെ ഒരുമിക്കുന്നത് ഇതോടെ തടയാനാകും. ബംഗാളില്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുവന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും കോണ്‍ഗ്രസും സമ്മര്‍ദ്ദത്തിലാകും. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനേയും എഎപിയേയും വിഷയം പ്രതികൂലമായി ബാധിക്കും. നിലവില്‍ പ്രതിപക്ഷ സഖ്യത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ ഇതോടെ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്നും ബിജെപി കണക്കുകൂട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com