മഹാരാഷ്ട്രയെ വിഭജിക്കും; മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ്

മുംബൈയിലെ വ്യവസായ സ്ഥാപനങ്ങളെല്ലാം ഗുജറാത്തിലേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്
നാനാ പട്ടോളെ/ ഫെയ്സ്ബുക്ക്
നാനാ പട്ടോളെ/ ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയെ രണ്ടായി വിഭജിക്കലാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നിന്നും മുംബൈയെ അടര്‍ത്തിമാറ്റി പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ ആരോപിച്ചു. 

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോഴോ നോട്ടു നിരോധന സമയത്തോ പ്രധാനമന്ത്രി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരുന്നില്ല. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോഴും പ്രത്യേക സമ്മേളനം വിളിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സര്‍ക്കാരിന്റെ ഇച്ഛയ്ക്കും മനോഭാവത്തിനും അനുസരിച്ചാണ് ഇപ്പോള്‍ സമ്മേളനം ചേരുന്നത്. 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മുംബൈയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യും. ഗോണ്ട ജില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ നാനാ പട്ടോളെ ആരോപിച്ചു. 

മുംബൈ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെ ആകെ അഭിമാനമാണ്. മുംബൈ അന്താരാഷ്ട്ര നഗരവും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവുമാണ്. എയര്‍ ഇന്ത്യ, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍, ഡയമണ്ട് മാര്‍ക്കറ്റ് തുടങ്ങിയ മുംബൈയിലെ പവര്‍ ഹൗസുകള്‍ നഗരത്തിന് പുറത്തേക്ക് മാറ്റുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും നാനാ പട്ടോളെ പറഞ്ഞു. 

മുംബൈയിലെ വ്യവസായ സ്ഥാപനങ്ങളെല്ലാം ഗുജറാത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എന്നിവയെല്ലാം ഗുജറാത്തിലേക്ക് മാറ്റുമെന്നും പട്ടോളെ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളുടെ വസ്തുത എന്താണെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയില്ല. 

ഈ മാസം 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. ആദ്യം പാര്‍ലമെന്റിന്റെ പഴയ സമ്മേളനത്തിലാകും സിറ്റിങ്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറും. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റാനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം എന്നായിരുന്നു നേരത്തെ ഉയര്‍ന്ന അഭ്യൂഹം. എന്നാല്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com