'ഭീകരര്‍ക്ക് അഭയം നല്‍കിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ ശ്രമം'; കാനഡയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ

കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്രമോദി: ഫയൽ/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി: ഫയൽ/ പിടിഐ

ന്യൂഡല്‍ഹി: കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

'കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഇവരുടെ ഭീഷണി തുടരുന്നു,'- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഖാലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ചാണ് ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഏതെങ്കിലും വിദേശ സര്‍ക്കാരിന്റെ പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കെയാണ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നീക്കം. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണ്. ഖാലിസ്ഥാന്‍ ആവശ്യമുന്നയിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡോയോട് ആശങ്ക അറിയിച്ചിരുന്നു. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയടക്കം നിര്‍ത്തിവയ്ക്കുന്നതിലേക്ക് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതാണ് പിന്നീട് കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com