തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷം; ബജറ്റിന് അനുമതി നല്‍കിയില്ല; രാജ്ഭവനെതിരെ ഹൈക്കോടതിയിൽ

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 21 ന് തന്നെ ബജറ്റ് ഫയല്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു
ഗവര്‍ണര്‍ തമിഴിസൈ, മുഖ്യമന്ത്രി ചന്ദ്രശേഖര റാവു/ ഫയല്‍
ഗവര്‍ണര്‍ തമിഴിസൈ, മുഖ്യമന്ത്രി ചന്ദ്രശേഖര റാവു/ ഫയല്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. ബജറ്റിന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് രാജ്ഭവനെതിരെ തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ബി എസ് പ്രസാദ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. 

തെലങ്കാന സര്‍ക്കാരിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, ജസ്റ്റിസ് എന്‍ തുകാറാംജി എന്നിവടങ്ങിയ ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചയാണ് തെലങ്കാനയില്‍ അസംബ്ലി സമ്മേളനം തുടങ്ങുന്നത്. അന്നു തന്നെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 21 ന് തന്നെ ബജറ്റ് ഫയല്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും രാജ്ഭവനില്‍ നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്ഭവന്റെ നടപടി ഭരണഘടനാ പ്രശ്‌നമായി മാറിയെന്നും, വിഷയത്തില്‍ ഇടപെട്ട് ഫയലില്‍ ഉടന്‍ അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയില്‍ തെലങ്കാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവേ ഹാജരാകും. 

ഗവര്‍ണറുമായുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജ്ഭവന്‍ നയപ്രഖ്യാപനം ഒഴിവാക്കിയത് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ തവണയും തെലങ്കാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നില്ല. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com