പുതിയ വകഭേദം എക്‌സ്ബിബി1.16 ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പിന്നില്‍; എട്ടു സംസ്ഥാനങ്ങളില്‍ വൈറസ് ബാധ കൂടുന്നു

By സമകാലിക മലയാളം ഡെസ്ക്  |   Published: 23rd March 2023 05:40 PM  |  

Last Updated: 23rd March 2023 05:40 PM  |   A+A-   |  

covid testing

കോവിഡ് പരിശോധന/ പിടിഐ

 

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി1.16 ആണ് രാജ്യത്തെ ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്. ഇന്‍സാകോഗിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എക്‌സ്ബിബി1.16 വകഭേദം വ്യാപിക്കുന്നത് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. 

എന്നാല്‍ പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെന്നും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ, മരണമോ ഉണ്ടാക്കുന്നില്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു. നിലവില്‍ 349 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഒമ്പതു സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കൂടുതലായി പടരുന്നത്. 

മഹാരാഷ്ട്രയില്‍ 105 പേരിലും, തെലങ്കാനയില്‍ 93, കര്‍ണാടകയില്‍ 61, ഗുജറാത്ത് 54 എന്നിങ്ങനെയാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരിയിലാണ് രാജ്യത്ത് എക്‌സ്ബിബി1.16 വകഭേദം ആദ്യം കണ്ടെത്തുന്നത്. അന്ന് രണ്ടുപേരിലാണ് വൈറസ് വകഭേദം കണ്ടെത്തുന്നത്. 

ഫെബ്രുവരിയില്‍ ഇത് 140 ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ 207 പേരിലും എക്‌സ്ബിബി1.16 വകഭേദം കണ്ടെത്തിയെന്ന് ഇന്‍സാകോഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒമൈക്രോണ്‍ ഉപവകഭേദവും രാജ്യത്ത് വ്യാപിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 

ലോകത്തെ കോവിഡ് ബാധിതരില്‍ ഒരു ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്. നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7600 ആണ്. ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രതിദിന കേസുകള്‍ 108 ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് 966 ആയി ഉയര്‍ന്നു. എട്ടു സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായിട്ടുള്ളത്. 

മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം വര്‍ധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ജാഗ്രതാ നടപടികള്‍ കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 

കഴിഞ്ഞദിവസം രാജ്യത്ത് പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ആയിരത്തിന് മുകളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവിഡ് കൂടുന്നു, അഞ്ചു തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ