'നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും....'; ഗതകാലപ്രതാപ സ്മരണകളില്‍ ബംഗാള്‍ സിപിഎം, മുന്നേറാന്‍ മുഖംമിനുക്കല്‍

സെരാംപൂരില്‍ ദിപ്‌സിത ധര്‍ പ്രചാരണത്തിനിടെ
സെരാംപൂരില്‍ ദിപ്‌സിത ധര്‍ പ്രചാരണത്തിനിടെട്വിറ്റര്‍

'നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ' എന്ന പഴയ മുദ്രാവാക്യം പോലെയാണ്, ബംഗാളില്‍ സിപിഎമ്മിന്റെ സ്ഥിതി. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ അവിടെനിന്ന് ലോക്‌സഭാംഗങ്ങളൊന്നുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് ഏഴു ശതമാനത്തില്‍ താഴെ വോട്ട്. ഈ തെരഞ്ഞെടുപ്പിലൂടെ നഷ്ടപ്രതാപത്തില്‍ കുറച്ചെങ്കിലും തിരിച്ചെടുക്കാനാവുമോയെന്ന തീവ്ര ശ്രമത്തിലാണ് പാര്‍ട്ടി.

ഇക്കുറി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ തന്നെയുണ്ട്, ആ ശ്രമത്തിന്റെ അടയാളങ്ങള്‍. മൂന്നു മുന്‍ എംപിമാര്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍. അതില്‍ തന്നെ എസ്എഫ്‌ഐയുടെ മൂന്നു നേതാക്കള്‍. സുജന്‍ ചക്രബര്‍ത്തി, മുഹമ്മദ് സലിം, അലോകേഷ് ദാസ് എന്നിവര്‍ മാത്രമാണ് പട്ടികയിലെ വെറ്ററന്‍മാര്‍. സ്രിജന്‍ ഭട്ടാചാര്യ, പ്രതീകുര്‍ റഹമാന്‍, ദിപ്‌സിത ധര്‍ എന്നിവരാണ് എസ്എഫ്‌ഐയില്‍നിന്നും സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ചത്.

സെരാംപൂരില്‍ ദിപ്‌സിത ധര്‍ പ്രചാരണത്തിനിടെ
'രാമനവമി'യില്‍ രാഷ്ട്രീയപ്പോര്, അവധി പ്രഖ്യാപിച്ച് മമത, റാലിയുമായി തൃണമൂലും ബിജെപിയും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ഇതൊരു പെര്‍ഫക്ട് ബ്ലന്‍ഡ് ആണ്. യുവാക്കള്‍ക്കു പ്രാമുഖ്യമുണ്ട്, ഒപ്പം അനുഭവ സമ്പത്തിനും ഇടം നല്‍കിയിരിക്കുന്നു''- പാര്‍ട്ടിയുടെ പട്ടികയെക്കുറിച്ച് ജാദവ്പുരിലെ സ്ഥാനാര്‍ഥിയായ സ്രിജന്‍ ഭട്ടാചാര്യ പറയുന്നത് ഇങ്ങനെ. അതു തന്നെയാണ് സിപിഎം ഇത്തവണ ബംഗാളില്‍ മൂന്നോട്ടു വയ്ക്കുന്ന തന്ത്രവും. യുവാക്കളുമായി കണക്ട് ചെയ്യുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി വിലയിരുത്തിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഈ വിമര്‍ശനത്തെ സിപിഎമ്മും ഗൗരവത്തിലെടുക്കുന്നുവെന്നു വേണം കരുതാന്‍. പാര്‍ട്ടി ഘടനയില്‍ എന്നും യുവാക്കള്‍ക്കു പ്രാമുഖ്യമുള്ള പങ്കു തന്നെ ഉണ്ടായിരുന്നെന്ന് സ്രിജന്‍ പറയുന്നു. ഇത്തവണ അത് പാര്‍ലമെന്ററി രംഗത്തേക്കു കൂടി നീട്ടിയെടുക്കുകയാണ് സിപിഎം.

ജാദവ്പുരിലെ സിപിഎം സ്ഥാനാര്‍ഥി സ്രിജന്‍ ഭട്ടാചാര്യ പ്രചാരണത്തില്‍
ജാദവ്പുരിലെ സിപിഎം സ്ഥാനാര്‍ഥി സ്രിജന്‍ ഭട്ടാചാര്യ പ്രചാരണത്തില്‍ട്വിറ്റര്‍

ബംഗാളില്‍ പഴയ പ്രതാപം തിരിച്ചെടുക്കുക തന്നെയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന നേതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതൊരു ദീര്‍ഘകാല പദ്ധതിയാണ്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കുകയാണ് അടിയന്തര പ്രാധാന്യമുള്ള കാര്യം. പ്രചാരണത്തില്‍ ലഭിക്കുന്ന സ്വീകാര്യത പോസിറ്റീവ് ആണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ''തൃണമൂലിനെയും ബിജെപിയെയും കൊണ്ടു കാര്യമില്ലെന്ന് ആളുകള്‍ക്കു ബോധ്യമായിരിക്കുന്നു. അവര്‍ രണ്ടു കൂട്ടരും ബംഗാളിനെ നശിപ്പിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെയും ബിജെപിയുടെയും വോട്ടു വിഹിതം കാര്യമായി ഇടിയും. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും നേട്ടമുണ്ടാക്കും.''- സ്രിജന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 43 ശതമാനം വോട്ടു നേടിയപ്പോള്‍ ബിജെപി 40 ശതമാനവുമായി പിന്നിലെത്തി. 6.34 ശതമാനം മാത്രമാണ് സിപിഎമ്മിന്റെ വോട്ടു വിഹിതം. കഴിഞ്ഞ തവണയും കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു പാര്‍ട്ടി. ഇടതുപക്ഷം ആകെ 30 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്, അതില്‍ 23ഉം സിപിഎമ്മിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com