പതിറ്റാണ്ടുകളോളം 'ഉറങ്ങിക്കിടന്ന' നഗരം; ഇന്ന് വിമാനത്താവളവും ആഡംബര ഹോട്ടലുകളും പുത്തന്‍ റോഡുകളും; മുഖച്ഛായ മാറിയ അയോധ്യ

അയോധ്യയിലെ രാമക്ഷേത്രത്തോട് അനുബന്ധിച്ച് 'ഭവ്യ, ദിവ്യ, നവ്യ അയോധ്യ' എന്ന പേരില്‍ വന്‍ വികസനപദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്
അയോധ്യയിലെ രാമക്ഷേത്രം/ പിടിഐ
അയോധ്യയിലെ രാമക്ഷേത്രം/ പിടിഐ

ലഖ്‌നൗ: രാമജന്മഭൂമി ബാബറി മസ്ജിദ് തര്‍ക്കത്തെത്തുടര്‍ന്ന് ഒരു കാലത്ത് പൊലീസിനെയും സുരക്ഷാ സൈനികരെയും കൊണ്ട് നിറഞ്ഞ, ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ ഉറങ്ങിക്കിടന്ന നഗരമായിരുന്നു അയോധ്യ. എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്രം ഉയരുന്നതോടെ അടിസ്ഥാന സൗകര്യരംഗത്ത് വന്‍കുതിപ്പാണ് നഗരത്തില്‍ കാണാനാകുന്നത്. ബാബറി കേസില്‍ 2019 ലെ സുപ്രീംകോടതി വിധിയാണ് അയോധ്യയുടെ വികസനത്തില്‍ നിര്‍ണായകമായത്. 

അയോധ്യയിലെ രാമക്ഷേത്രത്തോട് അനുബന്ധിച്ച് 'ഭവ്യ, ദിവ്യ, നവ്യ അയോധ്യ' എന്ന പേരില്‍ വന്‍ വികസനപദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. പുതുതായി വിമാനത്താവളം നിര്‍മ്മിച്ചു. റെയില്‍വേ സ്റ്റേഷന്‍ പുതുക്കി നിര്‍മ്മിച്ചു. രാമ പാത, ധര്‍മ്മ പാത എന്നിങ്ങനെ രണ്ടു വിശാല റോഡുകള്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സൗകര്യം, ഇ ബസുകള്‍, വിവിധ ഭാഷകളിലുള്ള ടൂറിസ്റ്റ് ആപ്പുകള്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം അയോധ്യയുടെ മുഖച്ഛായ മാറ്റുന്നു. 

അയോധ്യയിലെ ആശുപത്രി/ ചിത്രം: പിടിഐ
അയോധ്യയിലെ ആശുപത്രി/ ചിത്രം: പിടിഐ

പാരമ്പര്യത്തിനൊപ്പം വികസനവും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ്, ശ്രീരാമന്റെ ജന്മസ്ഥലമെന്ന് കരുതുന്ന അയോധ്യയില്‍ വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്. അത്യന്താധുനിക സൗകര്യങ്ങളുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. രാമക്ഷേത്രത്തിന്റെ വാസ്തുവിദ്യാശൈലിയോട് സാമ്യം പുലര്‍ത്തുന്ന രീതിയിലാണ് നിര്‍മ്മാണം. 

അയോധ്യയ്ക്ക് ആഗോള തലത്തില്‍ തന്നെ പുതിയ മുഖച്ഛായയും വിലാസവും നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇ ബസ് പദ്ധതിക്ക് തുടക്കം കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ക്ഷേത്ത്രതിലേക്ക് സുഗമമായി എത്തുന്നതിനായി രാമപഥ് അടക്കം നാലു റോഡുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. സഹദത്ഗഞ്ച് മുതല്‍ നയാഘട്ട് ചൗരാഹ വരെ 13 കിലോമീറ്റര്‍ നീളമുള്ളതാണ് രാമ പഥ്. 

അയോധ്യയിലെ റോഡ് / പിടിഐ
അയോധ്യയിലെ റോഡ് / പിടിഐ

ഇതിനായി നിരവധി കടകളും വീടുകളും മറ്റും പൊളിച്ചുമാറ്റി. രാമപഥത്തില്‍ റോഡിന് വശങ്ങളില്‍ അലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ധര്‍മ്മപഥ് റോഡില്‍ 40 സൂര്യസ്തംഭങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. നേരത്തെ രാമജന്മഭൂമി, ഹനുമന്‍ഗാരി ക്ഷേത്രം, കനക് ഭവന്‍, അസാര്‍ഫി ഭവന്‍ എന്നിവ കാണാനാണ് ആളുകള്‍ എത്തിയതെങ്കില്‍, രാമക്ഷേത്രത്തിനൊപ്പം രാംകി പൈദി, സൂര്യകുണ്ഡ് തുടങ്ങിയ കേന്ദ്രങ്ങളും ഇനി ആകര്‍ഷക കേന്ദ്രങ്ങളായി മാറുമെന്ന് അയോധ്യയില്‍ ഹോട്ടല്‍ ശ്രീരാം ഭവന്‍ നടത്തുന്ന അനൂപ് കുമാര്‍ പിടിഐയോട് പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com