ഓഹരി വിപണിയില്‍ മൂക്കുംകുത്തി വീണ് ഫേസ്ബുക്ക്; വിവരം ചോര്‍ത്തല്‍ നഷ്ടമാക്കിയത് 13000 കോടി ഡോളര്‍

2012 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ഒരു ദിവസം കൊണ്ട് 12 പോയിന്റ് ഇടിഞ്ഞു പോകുന്നത്. പുതിയൊരു ഘട്ടത്തിലേക്ക്  കടക്കുകയാണെന്നാണ് ഓഹരിയുടമകള്‍ക്ക് ഫേസ്ബുക്ക് നല്‍കിയ സന്ദേശം.
ഓഹരി വിപണിയില്‍ മൂക്കുംകുത്തി വീണ് ഫേസ്ബുക്ക്; വിവരം ചോര്‍ത്തല്‍ നഷ്ടമാക്കിയത് 13000 കോടി ഡോളര്‍

ന്യൂയോര്‍ക്ക്‌: വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. 13000 കോടി ഡോളറാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിന് വിവാദങ്ങളെ തുടര്‍ന്ന് നഷ്ടമായത്. 

കേംബ്ര്ഡിജ് അനലറ്റിക്കയ്ക്കായും മറ്റ് വ്യാപാര സൈറ്റുകള്‍ക്കായും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ ഫേസ്ബുക്ക് മൂക്കും കുത്തി വീണത്. എന്നാല്‍ ഇത് കമ്പനിയെ ദോഷകരമായി ബാധിക്കില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വരുമാനം കമ്പനിക്ക് ലഭിക്കുന്നുണ്ട് എന്നുമായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കമ്പനി ബാധ്യസ്ഥമാണെന്നും അവര്‍ വ്യക്തമാക്കി.

 2012 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ഒരു ദിവസം കൊണ്ട് 12 പോയിന്റ് ഇടിഞ്ഞു പോകുന്നത്. പുതിയൊരു ഘട്ടത്തിലേക്ക്  കടക്കുകയാണെന്നാണ് ഓഹരിയുടമകള്‍ക്ക് ഫേസ്ബുക്ക് നല്‍കിയ സന്ദേശം.രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച നേടാനാവുമെന്നാണ് കമ്പനി കരുതുന്നത്.വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി വലിയ തുക നീക്കി വയ്‌ക്കേണ്ടി വന്നുവെന്നും കമ്പനി ഓഹരിയുടമകളെ അറിയിച്ചിട്ടുണ്ട്. 

വിവാദങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ പരസ്യങ്ങള്‍ക്ക് വളരെ കുറഞ്ഞ തുകയാണ് ഫേസ്ബുക്ക് സ്വീകരിച്ചത്.യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. യൂണിയന്റെ പുതിയ സ്വകാര്യതാ സംരക്ഷണ നിയമങ്ങള്‍ കാരണം ഫേസ്ബുക്കിന്റെ പ്രൈവസി സെറ്റിങുകളിലും , സൈന്‍ അപ് പ്രക്രിയകളിലും മാറ്റം വരുത്തേണ്ടി വന്നിരുന്നു.ഇതോടെ വ്യക്തിഗതമല്ലാത്ത പരസ്യങ്ങള്‍ ടൈംലൈനില്‍ അനുവദിച്ചത് വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമാണെന്നും ഇത് റവന്യൂ കുറയുന്നതിന് കാരണമായി എന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍.യൂണിയന്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ യൂറോപ്പില്‍ പ്രതിദിനം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുപ്പത്‌ലക്ഷത്തിലേക്ക് ചുരുങ്ങി. 

ലോകത്ത് മാസത്തില്‍ ഒരു ആപ്പെങ്കിലും ഉപയോഗിക്കുന്നവരുടെ എണ്ണം 250 കോടി ആണ് എന്നാണ് ഫേസ്ബുക്കിന്റെ കണക്ക്. മെസെഞ്ചര്‍, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലാണ് ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നും ഫേസ്ബുക്കിന്റെ കണക്കുകള്‍ പറയുന്നു.ഈ ആപ്പുകളുടെ വാണിജ്യവത്കരണം അതിന്റെ തുടക്കഘട്ടത്തിലുമാണെന്നും ഫേസ്ബുക്ക് വിലയിരുത്തുന്നു. 

തോംസണ്‍ റോയിട്ടേഴ്‌സിന്റെ കണക്ക് അനുസരിച്ച് 510 കോടി ഡോളറാണ് ഫേസ്ബുക്കിന്റെ ലാഭം.വ്യക്തികളുടെ സ്വകാര്യ സംരക്ഷിക്കുന്നുവെന്ന ഉറപ്പ് തിരിച്ചു പിടിക്കുന്നതിനോടൊപ്പം വ്യാജവാര്‍ത്തകളെ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഇന്ത്യയില്‍ വാട്ട്‌സാപ്പിലൂടെ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത് ആള്‍ക്കൂട്ടക്കൊലപാതകള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിക്കുന്നത്. ചൈനയില്‍ പ്രാദേശിക സ്റ്റാര്‍ട്ടപുകളെ സഹായിക്കുന്നതിനായി സ്ഥാപിക്കാനിരുന്ന ഇന്നൊവേഷന്‍ കമ്പനിക്ക് അവസാനഘട്ടത്തില്‍ അനുമതി നിഷേധിക്കപ്പെട്ടതും ഫേസ്ബുക്കിന് വലിയ തിരിച്ചടിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com