ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 71,542.93 കോടി രൂപ, 73.8 ശതമാനം വര്‍ധന; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്
ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 71,542.93 കോടി രൂപ, 73.8 ശതമാനം വര്‍ധന; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി; ബാങ്ക് തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. തട്ടിച്ചെടുത്ത തുകയില്‍ 73.8 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
 
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ 6,801 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ തട്ടിപ്പുകളില്‍ നിന്നായി 71,542.93 കോടി രൂപയാണ് നഷ്ടമായത്. 2017- 18 വര്‍ഷത്തില്‍ 5,916 തട്ടിപ്പുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 41,167.04 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളില്‍ 3,766 തട്ടിപ്പുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 64,509.43 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കുന്നത്.

തട്ടിപ്പ് കണ്ടെത്താന്‍ ബാങ്കുകള്‍ 22 മാസം എടുത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തട്ടിപ്പു നടന്ന തീയതിയും അതു ബാങ്കുകള്‍ കണ്ടെത്തിയ തീയതിയും തമ്മില്‍ 22 മാസത്തിന്റെ അന്തരമുണ്ട്.  100 കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകള്‍ നടന്ന തീയതിയും അതു കണ്ടെത്തിയ തീയതിയും തമ്മിലുള്ള അന്തരം ശരാശരി 55 മാസങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നീരവ് മോദിയുടെ തട്ടിപ്പിന് ശേഷം സര്‍ക്കാരും ആര്‍ബിഐയും തട്ടിപ്പ് തടയാനായി കര്‍ശന മാര്‍ഗ നിര്‍േേദശങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോഴും തട്ടിപ്പ് കണ്ടെത്താന്‍ കാലതാമസം നേരിടുകയാണ്. 

തട്ടിപ്പുകളില്‍ വലിയ പങ്കും വായ്പാ തട്ടിപ്പുകളാണ്. ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൊത്തം തട്ടിപ്പ് തുകയുടെ 0.3 ശതമാനമാണ്. 72 വഞ്ചന, വ്യാജരേഖ കേസുകളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തില്‍ താഴെ തുകയുടെ തട്ടിപ്പുകള്‍ മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com