വയനാട് സീറ്റ്; അനിശ്ചിതത്വം തീർക്കണമെന്ന് രാഹുലിനോട് കെപിസിസി

വയനാട് സീറ്റിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തീർക്കാൻ മുൻകൈ എടുക്കണമെന്നു കെപിസിസി ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു
വയനാട് സീറ്റ്; അനിശ്ചിതത്വം തീർക്കണമെന്ന് രാഹുലിനോട് കെപിസിസി

തിരുവനന്തപുരം: വയനാട് സീറ്റിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തീർക്കാൻ മുൻകൈ എടുക്കണമെന്നു കെപിസിസി ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു. വയനാട്ടിൽ മത്സരിക്കാനുള്ള അഭ്യർഥന സ്വീകരിക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരിട്ടയച്ച സന്ദേശത്തിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച നിർദേശം ഉയർന്ന് ഒരാഴ്ചയായിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണു തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന സൂചന പുറത്തേക്കു വന്നതു സംസ്ഥാനത്താകെ കോൺഗ്രസ്, യുഡിഎഫ് അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയതെന്നു ഹൈക്കമാൻഡിനെ കെപിസിസി അറിയിച്ചു. അതുകൂടി കണക്കിലെടുത്തുള്ള അനുകൂല തീരുമാനമുണ്ടാകണമെന്നാണ് അഭ്യർഥന. വയനാടിനൊപ്പം വടകര സീറ്റിലും ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും പ്രഖ്യാപനം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണു രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന തരത്തിലുള്ള പ്രസ്താവനകൾ മുതിർന്ന നേതാക്കളിൽ നിന്നുണ്ടായത്. ഡൽഹിയിൽ നിന്നു പച്ചക്കൊടി ലഭിച്ച സാഹചര്യത്തിൽ കൂടിയാണ് ഇക്കാര്യം ഇവിടെ പങ്കുവച്ചതെന്നും നേതാക്കൾ പറയുന്നു. എന്നാൽ അതിനുശേഷം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലെ തന്നെ ഒരു വിഭാഗം നേതാക്കളും സിപിഎം അടക്കമുള്ള പ്രതിപക്ഷ നിരയിലെ ചില പ്രമുഖരും ചേർന്നു തീരുമാനം മാറ്റാനുള്ള വലിയ സമ്മർദം നടത്തുന്നുവെന്ന അനുമാനത്തിലാണു സംസ്ഥാന നേതൃത്വം. പ്രതീക്ഷ കൈവിട്ടിട്ടില്ലെങ്കിലും ആദ്യഘട്ടത്തിലെ ആത്മവിശ്വാസം സംസ്ഥാന നേതാക്കൾക്കിപ്പോഴില്ല.‌

അതിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നതിന്റെ പിന്നിലെ സത്യം ഇന്നു കഴിഞ്ഞു ബോധ്യപ്പെടുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐസിസിയുടെ തീരുമാനം ഇന്നോടെ ഉണ്ടാകും. വയനാട്ടിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പ്രയാസം സ്വാഭാവികമാണ്. അതു ഘടകകക്ഷിയായ ലീഗിനു മാത്രമല്ല എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com