ഇന്ത്യന്‍ പ്രീമിയര്‍ ലീഗല്ല; പത്താം സീസണ്‍ പരിക്ക് പ്രീമിയര്‍ ലീഗാകും; അഞ്ചിന് കൊടിയേറും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗല്ല; പത്താം സീസണ്‍ പരിക്ക് പ്രീമിയര്‍ ലീഗാകും; അഞ്ചിന് കൊടിയേറും

ഈ മാസം അഞ്ചിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പരിക്ക് പ്രീമിയര്‍ ലീഗാകും. പങ്കെടുക്കുന്ന ഒട്ടുമിക്ക ടീമുകള്‍ക്കെല്ലാം സുപ്രധാന താങ്ങള്‍ പരിക്കില്‍ വലയുന്നതാണ് പ്രീമിയര്‍ ലീഗിന് തിരിച്ചടിയാവുക. വിശ്രമമില്ലാത്ത മത്സരങ്ങളാണ് താരങ്ങളെ വലച്ചത്. 

പരിക്കേറ്റവരുടെ പട്ടികയില്‍ ഏറ്റവും അവസാനം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളെടുത്ത അശ്വിന് ഈ സീസണ്‍ മുഴുവനും നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെര്‍ണിയ ശസ്ത്രക്രിയയാണ് താരത്തിന് പത്താം സീസണ്‍ നഷ്ടപ്പെടുത്തുക. റൈസിംഗ് പൂനെ ജയന്റ്‌സിന് വേണ്ടി കളിക്കുന്ന അശ്വിന്‍ ഇല്ലാത്തത് ടീമിന് വന്‍ തിരിച്ചടിയാണുണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍. അശ്വിനെ കൂടാതെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് പിന്മാറിയത് പൂനെയ്ക്ക് ആശങ്കയുണ്ടാക്കുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം കെഎല്‍ രാഹുലാണ് പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ സംശയത്തിലിരിക്കുന്ന മറ്റൊരു താരം. ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ടൂര്‍ണമെന്റില്‍ തോളിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അടുത്ത ദിവസം തന്നെ ശസ്ത്രക്രിയയ്ക്ക് ഇംഗ്ലണ്ടില്‍ പോകാനിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ 397 റണ്‍സെടുത്ത രാഹുല്‍ ഒന്‍പത് പേരെ പുറത്താക്കിയു ചെയ്തിരുന്നു. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഐപിഎല്ലിലെ ആദ്യ അഞ്ചോ ആറോ മത്സരങ്ങള്‍ നഷ്ടപ്പെടും. കോഹ്ലിക്കും തോളിന് പരിക്കാണ്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് രണ്ട് സൂപ്പര്‍ താരങ്ങളാണ് ഈ സീസണില്‍ നഷ്ടമാവുക. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനി ഐപിഎല്‍ പത്താം സീസണിലുണ്ടാവുകയില്ലെന്ന് അറിയിച്ചിരുന്നു. ന്യൂസിലാന്‍ഡുമായുള്ള മത്സരത്തില്‍ ഡല്‍ഹിയുടെ തന്നെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിന് വിരലിനേറ്റ പരിക്കാണ് ഐപില്‍ ആശങ്കയിലാക്കിയിരിക്കുന്നത്.

അതേസമയം, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവരോട് ബിസിസിഐ മെഡിക്കല്‍ സംഘം ഐപിഎല്ലിലെ ആദ്യ രണ്ടാഴ്ച വിശ്രമിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഗുജറാത്ത് ലയണ്‍സിന്റെ ബൗളിംഗ് ശക്തിയാണ് ജഡേജ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുന്തമുനയാണ് ഉമേഷ് യാദവ്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ അഞ്ച് ടീമുകളുമായി 17 ടെസ്റ്റുകളുള്‍പ്പടെ 32 മത്സരങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്. ഇത്രയും കളികള്‍ കളിക്കാരുടെ ആരോഗ്യനിലയില്‍ കാര്യമായി പ്രതിഫലിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം അഞ്ചിന് ഹൈദരാബാദ് രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഐപിഎല്ലിന് കൊടിയേറുക. സണ്‍ റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com