ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മെസ്സിക്കും നോട്ടമുണ്ട്! വില്‍പ്പനയ്ക്കല്ല, വാങ്ങാന്‍!

ബാഴ്‌സലോണയിലേക്ക് എത്തിയാല്‍ കൊള്ളാമെന്ന് മെസ്സി പറയുന്ന ചില താരങ്ങളിതാ
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മെസ്സിക്കും നോട്ടമുണ്ട്! വില്‍പ്പനയ്ക്കല്ല, വാങ്ങാന്‍!

ബാഴ്‌സലോണയ്ക്ക് ഇന്ന് ലയണല്‍ മെസ്സി എന്ന ലിയോ ആരാണ്? മോര്‍ ദാന്‍ എ ക്ലബ്ബിന്റെ മോര്‍ ദാന്‍ എ പ്ലെയര്‍ ആയിരിക്കും ഈ ലാമാസിയ ഉല്‍പ്പന്നം. കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന താരം കാറ്റലൂണിയന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നത് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടതുമാണ്. 

എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ അത്ര ക്ലിക്കായില്ല. ലാലീഗ കീരിടം നഷ്ടപ്പെട്ട ബാഴ്‌സ ചാംപ്യന്‍സ് ലീഗിലും പുറത്തായിരുന്നു. കോപ്പ ഡെല്‍ റേ മാത്രമാണ് ഇനിയുള്ളത്. പരിശീലകന്‍ ലൂയിസ് എന്റിക്വ ക്ലബ്ബ് വിടുകയാണെന്ന് പറഞ്ഞു കഴിഞ്ഞു.

ഈ സീസണ്‍ പോകട്ടെ, അടുത്ത സീസണില്‍ പല മാറ്റങ്ങളും ഏതായാലും ഉറപ്പാണ് കാംപ് ന്യൂവില്‍. പുതിയ കോച്ച് എത്തുന്നതോടൊപ്പം തന്നെ പുതിയ കളിക്കാരും ടീമുമായി ഒപ്പു വെക്കും. ഇതില്‍ മെസ്സിക്ക് ചില അഭിപ്രായങ്ങളുണ്ട്. ആരെല്ലാം വന്നാല്‍ ബാഴ്‌സലോണയ്ക്ക് ഗുണകരമാകുമെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

ബാഴ്‌സലോണയിലേക്ക് എത്തിയാല്‍ കൊള്ളാമെന്ന് മെസ്സി പറയുന്ന ചില താരങ്ങളിതാ:
 

മോസ ഡെംബലെ -സെല്‍റ്റിക്ക്
20 വയസ്സുകാരനാണെങ്കിലും ലോക നിലവാരത്തിലുള്ള പ്രതിഭയാണ് മോസ. സ്‌കോട്ട്‌ലാന്‍ഡിലുള്ള സെല്‍റ്റിക്ക് എഫ്‌സിക്ക് വേണ്ടി പന്തുതട്ടുന്ന ഈ താരത്തിനായി വേണ്ടി ലോകഫുട്‌ബോളിലെ വമ്പന്‍ ക്ലബ്ബുകളെല്ലാം സ്‌കൗട്ടുകളെ അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫ്രഞ്ച് താരത്തിന്റെ സ്‌കില്ലുകളും പെര്‍ഫോമന്‍സുമൊക്കെ കണ്ട് സൂപ്പര്‍ താരം മെസ്സി വലിയ ആരാധകനായിട്ടുണ്ട്. സ്‌ട്രൈക്കറുടെ റോളില്‍ തിളങ്ങുന്ന മോസയെ പകരക്കാരനായാണ് മെസ്സി കാണുന്നത്.
ഈ സീസണില്‍ ഇതുവരെ 43 കളികളില്‍ നിന്ന് 31 ഗോളുകള്‍ നേടിയ താരത്തെ ടീമിലെത്തിക്കുന്നത് ഏറ്റവും മികച്ച തീരുമാനമാകുമെന്നാണ് മെസ്സി കരുതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സെര്‍ജി എന്റിച്ച് -ഐബര്‍
സ്പാനിഷ് ബഹുമുഖ പ്രതിഭയാണ് ലാലിഗയില്‍ തന്നെയുള്ള ഐബര്‍ താരം സെര്‍ജി എന്റിച്ച്. സീസണിന്റെ തുടക്കത്തില്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടാത്ത താരം പിന്നീട് പ്രതിഭകൊണ്ട് ഇടം നേടിക്കൊണ്ടേയിരിക്കുന്നു. 27 കാരനായ താരത്തെ ബാഴ്‌സലോണയില്‍ ബാക്കപ്പ് ഫോര്‍വേഡായി ഉപയോഗപ്പെടുത്താമെന്നാണ് മെസ്സി കരുതുന്നത്. ലാലീഗയില്‍ ഏഴാം സ്ഥാനത്തുള്ള ഐബറിന് വേണ്ടി ഏഴു തവണ സെര്‍ജി എന്റിച്ച് ലക്ഷ്യം കണ്ടിട്ടുണ്ട്.

റിസര്‍വ് ബെഞ്ചിലടക്കം മികച്ച കളിക്കാരെ ഉള്‍പ്പെടുത്തണമെന്ന ഡിമാന്‍ഡ് മെസ്സി ക്ലബ്ബ് ബോര്‍ഡിന് മുന്നില്‍ വെച്ചിട്ടുള്ള സ്ഥിതിക്ക് സ്പാനിഷ് ലീഗ് പരിചയസമ്പത്തുള്ള ഈ താരത്തെ അടുത്ത സീസണില്‍ ബാഴ്‌സയില്‍ കണ്ടേക്കാം.

ഹെക്ടര്‍ ബെല്ലെറിന്‍-ആഴ്‌സണല്‍
ബാഴ്‌സലോണയ്ക്ക് ഇന്ന് ഏറെ തലവേദന സൃഷ്ടിക്കുന്ന റൈറ്റ് ബാക്ക് പൊസിഷനിലേക്കുള്ള മെസ്സിയുടെ നിര്‍ദേശമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗണ്ണേഴ്‌സ് താരമായ ഹെക്ടര്‍ ബെല്ലെറിന്‍. ബാഴ്‌സലോണയില്‍ ജനിച്ച് കാറ്റലന്‍ ക്ലബ്ബില്‍ കളിപടിച്ച താരം തന്റെ കുട്ടിക്കാല ക്ലബ്ബിലേക്ക് തിരിച്ചുപോകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു.
ഡാനി ആല്‍വസ് പോയതോടെ ഒഴിഞ്ഞു കിടക്കുന്ന പൊസിഷനില്‍ സെര്‍ജി റോബോര്‍ട്ടോ പരിഹാരമാണെങ്കിലും ബ്രസീലിയന്‍ താരത്തിന്റെ അത്രപോരെന്നാണ് മെസ്സിക്ക് തോന്നുന്നത്. അലക്‌സിസ് വിദാലിന് പരുക്ക് പറ്റിയതോടെ ആഴ്‌സണലുമായി അത്ര രസത്തിലല്ലാത്തെ ബെല്ലെറിന്‍ അടുത്ത സീസണില്‍ കാംപ് ന്യൂവിലെത്തിയാല്‍ കൊള്ളാമെന്നാണ് മെസ്സി കരുതുന്നത്. വലിയ കൈമാറ്റ തുകയില്ലെങ്കില്‍ ബെല്ലെറിന്‍ ആഴ്‌സണലില്‍ തന്നെ തുടരുമെന്നത് വേറെ കാര്യം.

ഇസ്‌ക്കോ -റിയല്‍ മാഡ്രിഡ്
മെസ്സിയുടെ ലിസ്റ്റില്‍ ടീമിലെത്താന്‍ ഏറ്റവും സാധ്യത കുറഞ്ഞ കളിക്കാരനാണ് ബാഴ്‌സലോണയുടെ ബദ്ധവൈരികളായ റിയല്‍ മാഡ്രിഡ് മധ്യനിര താരം ഇസ്‌ക്കോ. എന്നാല്‍, മാഡ്രിഡുമായുള്ള കരാര്‍ അടുത്ത സമ്മറില്‍ അവസാനിക്കുന്നതോടെ സ്പാനിഷ് താരമായ ഇസ്‌ക്കോയെ ടീമിലെത്തിക്കണമെന്നാണ് മെസ്സി നിര്‍ദേശിക്കുന്നത്.

മാഡ്രിഡ് നിരയില്‍ സ്ഥിരമായി ആദ്യപതിനൊന്നില്‍ ഇടം ലഭിക്കാതിരിക്കുന്ന താരം ബാഴ്‌സയുമായി കരാറിലെത്തുമെന്ന് സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ ജോര്‍ഡി ആല്‍ബ ബാഴ്‌സയിലേക്ക് ഇസ്‌ക്കോയെ സ്വാഗതം ചെയ്തിട്ടുമുണ്ട്. പ്ലേമേക്കര്‍ എന്ന നിലയില്‍ 32 കാരനായ ഇനിയസ്റ്റയ്ക്ക് ഏറ്റവും മികച്ച പകരക്കാരനായാണ് മെസ്സി ഇസ്‌ക്കോയെ കാണുന്നത്. എന്നാല്‍ വൈരികളായ റിയല്‍മാഡ്രിഡ് ഇസ്‌ക്കോയെ നേരിട്ട് ബാഴ്‌സയ്ക്ക് വില്‍ക്കുമോ എന്നതാണ് ചോദ്യം.

മാര്‍ക്കോ വെരാട്ടി-പാരിസ് സെന്റ് ജെര്‍മന്‍
സമ്മര്‍ ട്രാന്‍ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണയുടെ മുഖ്യ ലക്ഷ്യമാണ് ഈ പിഎസ്ജി താരം. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ കളം നിറഞ്ഞു കളിക്കുന്ന താരത്തെ ടീമിലെത്തിക്കുന്നത് ഗുണകരമാകുമെന്ന് മെസ്സിക്കും അഭിപ്രായമുണ്ട്. 
ബാഴ്‌സയുമായുള്ള ചാംപ്യന്‍സ് ലീഗിന് ശേഷം ബാഴ്‌സയടക്കമുള്ള ക്ലബ്ബുകള്‍ക്ക് താല്‍പ്പര്യമുണ്ടല്ലോ എന്ന ചോദ്യത്തിന് എവിടേക്കും മാറാന്‍ താല്‍പ്പര്യമില്ല. വലിയ ഒരു പദ്ധതിയുടെ ഭാഗമാണ് നിലവില്‍ ഞാന്‍. ആ ലക്ഷ്യം നിറവേറ്റിയതിന് ശേഷം മാത്രമാണ് അതിനെ കുറിച്ച് ആലോചിക്കുകയെന്നായിരുന്നു ഈ ഇറ്റാലിയന്‍ താരത്തിന്റെ പ്രതികരണം. 
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ആന്ദ്രെ ഗോമസ് കാര്യമായ സംഭാവന നല്‍കാത്ത സാഹചര്യത്തില്‍ ഈ സ്ഥാനം അനശ്വരമാക്കിയ സാവിക്ക് പകരക്കാരനായാണ് മെസ്സിയും ബാഴ്‌സയും വെരാട്ടിയെ കാണുന്നത്. ചുരുങ്ങിയത് 80 മില്ല്യന്‍ യൂറോ കൊടുത്താല്‍ പിഎസ്ജി വില്‍പ്പനയ്ക്ക് തയാറായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com