പന്ത് കുത്തിത്തിരിച്ച് കുല്‍ദീപ് യാദവ്; ഇന്ത്യയുടെ പുതിയ ട്രിക്കി ബൗളറെന്ന് ക്രിക്കറ്റ് ലോകം

ബിസിസിഐ ഫോട്ടോ
ബിസിസിഐ ഫോട്ടോ

ധര്‍മശാല ടെസ്റ്റ് വരെ കുല്‍ദീപ് യാദവ് എന്ന പേര് കടുത്ത ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിന്നതായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്ല എന്ന സമ്മര്‍ദത്തില്‍ രഹാനയ്ക്ക് കീഴില്‍ ഓസ്‌ട്രേലിയ്‌ക്കെതിരേ നാലാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യയുടെ സൂപ്പര്‍മാനായിരിക്കുകയാണ് കുല്‍ദീപ് യാദവ്. സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയടിച്ച് തകര്‍ച്ചയില്‍ നിന്ന് ഓസ്‌ട്രേലിയയെ കരകയറ്റുമെന്ന് കരുതിയിരുന്നിടത്താണ് നാല് വിക്കറ്റ് നേടി ഇന്ത്യയെ കൈപ്പിടിച്ചത്. യാദവിന്റെ മികവില്‍ 300 റണ്‍സിന് ഓസ്‌ട്രേലിയയെ ഇന്ത്യ കെട്ടിപ്പൂട്ടി.

നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഓരോ ജയവും ഒരു സമനിലയുമാണ്.

ഫോട്ടോ-റോയിട്ടേഴ്‌സ്‌
ഫോട്ടോ-റോയിട്ടേഴ്‌സ്‌

ധര്‍മശാലയില്‍ ഇരുടീമുകള്‍ക്കും അഭിമാന പോരാട്ടമാണ്. ഇതുവരെയുള്ള മൂന്ന് ടെസ്റ്റുകളില്‍ താരങ്ങളായത് ബൗളര്‍മാരായതിനാല്‍ തന്നെ ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കി അഞ്ചാമതൊരു ബൗളറെ ഉള്‍പ്പെടുത്തിയപ്പോള്‍ കുല്‍ദീപ് യാദവിന്റെ വരവാണ് ഇന്ത്യയ്ക്ക് നേട്ടമായിരിക്കുന്നത്.

കരിയറിലെ ആദ്യ ടെസ്റ്റ് മാച്ചില്‍ തന്നെ ഓസ്‌ട്രേലിയ പോലൊരു ടീമിന്റെ മുഖ്യബാറ്റ്‌സ്മാരെ പുറത്താക്കിയാണ് ഇന്ത്യയുടെ ആദ്യ ഇടങ്കയ്യന്‍ ചൈനാമെന്‍ സ്പിന്നറായ 22 കാരനായ കുല്‍ദീപ് യാദവിന്റെ രംഗപ്രവേശം. ഡേവിഡ് വാര്‍ണര്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കുമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. 2014ല്‍ യുഎഇയില്‍ നടന്ന അണ്ടര്‍ 19 ലോകക്കപ്പില്‍ 14 വിക്കറ്റുകള്‍ നേടിയാണ് കുല്‍ദീപ് ശ്രദ്ധയാകര്‍ശിക്കുന്നത്. അന്ന് സ്‌കോട്ട്‌ലന്‍ഡുമായുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയത് താരം അണ്ടര്‍ 19 ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഹാട്രിക്കിനുടമയായി. 

ലോകക്കപ്പിലുണ്ടാക്കി നേട്ടം ഉത്തര്‍പ്രദേശ് ടീമിലെത്തിച്ച കുല്‍ദീപ് കന്നി സീസണില്‍ തന്നെ 19 വിക്കറ്റുകള്‍ വീഴ്ത്തി. 2016/17 ഫസ്റ്റ് ക്ലാസ് സീസണില്‍ 52 വിക്കറ്റുകളാണ് കുല്‍ദീപ് പിഴുതെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളക്കമേറിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസില്‍ നിന്നും കുല്‍ദീപിന് വിളി വന്നു.

ധര്‍മശാല ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയ താരത്തില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com