അഞ്ച് വിക്കറ്റ് കയ്യില്‍, ജയിക്കാന്‍ 175 റണ്‍സ്; അവസാന ദിനം അത്ഭുതം പ്രതീക്ഷിച്ച് ഇന്ത്യ

പിച്ചില്‍ വന്ന വിള്ളലുകള്‍ ബാറ്റിങ് ദുഷ്‌കരമാക്കിയപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്നതിന്റെ തിരിച്ചടികള്‍ ഇന്ത്യയ്‌ക്കേല്‍ക്കേണ്ടി വന്നു
അഞ്ച് വിക്കറ്റ് കയ്യില്‍, ജയിക്കാന്‍ 175 റണ്‍സ്; അവസാന ദിനം അത്ഭുതം പ്രതീക്ഷിച്ച് ഇന്ത്യ

ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം തേടി ഇറങ്ങിയ ഇന്ത്യ പെര്‍ത്തില്‍ വിയര്‍ക്കുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എടുത്തിട്ടുണ്ട്. 175 റണ്‍സാണ് ഇന്ത്യയ്ക്കിനി ജയിക്കാന്‍ വേണ്ടത്. 24 റണ്‍സോടെ വിഹാരിയും ഒന്‍പത് റണ്‍സുമായി പന്തുമാണ് ക്രീസില്‍. 

അഡ്‌ലെയ്ഡില്‍ കിട്ടിയ ടോസ് ഭാഗ്യം പെര്‍ത്തില്‍ വിട്ടുനിന്നതായിരുന്നു ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിലേറ്റ പ്രധാന തിരിച്ചടി. നാലാം ദിനത്തിലേക്കെത്തിയപ്പോഴേക്കും പിച്ചില്‍ വന്ന വിള്ളലുകള്‍ ബാറ്റിങ് ദുഷ്‌കരമാക്കിയപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്നതിന്റെ തിരിച്ചടികള്‍ ഇന്ത്യയ്‌ക്കേല്‍ക്കേണ്ടി വന്നു. ഇനി ഒരു അവസരം ലഭിക്കാന്‍ താന്‍ അര്‍ഹനല്ലെന്ന് കൂടി തെളിയിച്ചായിരുന്നു മുരളി വിജയ് സ്റ്റാര്‍ക്കിന് മുന്നില്‍ വിക്കറ്റ് നല്‍കി മടങ്ങിയത്. 

ആദ്യ പ്രഹരത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടുവരുന്നതിന് മുന്‍പ് തന്നെ പൂജാരയേയും ഓസീസ് മടക്കി. ഹസല്‍വുഡിനായിരുന്നു വിക്കറ്റ്. ആദ്യ നാല് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. പിന്നെ പ്രതീക്ഷ കോഹ് ലിയിലേക്കായിരുന്നു. എന്നാല്‍ ചായയ്ക്ക് ശേഷം വന്നയുടനെ കോഹ് ലിയെ ലിയോണ്‍ തിരിച്ചയച്ചു. കോഹ് ലിക്ക് പിന്നാലെ മുരളി വിജയിയും ലിയോണിന്റെ ഇരയായി. 

നിര്‍ണായക ഘട്ടത്തില്‍ സിക്‌സ് പറത്തിയായിരുന്നു രഹാനെ ഇന്ത്യയെ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമം തുടങ്ങിയത്. വിഹാരിയും രഹാനേയും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ക്കുമെന്ന പ്രതീക്ഷ ആരാധകരില്‍ വരവെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ച രഹാനെ മടങ്ങി. 30 റണ്‍സായിരുന്നു രഹാനേയുടെ സമ്പാദ്യം. 

പേസര്‍മാര്‍ക്കൊപ്പം ലിയോണും വിക്കറ്റ് വീഴ്ത്തുന്നതില്‍ മികവ് കാണിക്കുമ്പോള്‍ പെര്‍ത്തില്‍ സമനിലയോ, ജയമോ പിടിക്കണം എങ്കില്‍ ഇന്ത്യയ്ക്കിന് അത്ഭുതം കാണിക്കണം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ രാഹുലും, പന്തും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ട് പോലൊന്ന് പെര്‍ത്തില്‍ പന്തും വിഹാരിയും ചേര്‍ന്ന് നേടിയാല്‍ ഇന്ത്യയ്ക്ക് രക്ഷപെടാം. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. 

നാലാം ദിനം പെയ്‌നും ഖവാജയും തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ത്താണ് ഇന്ത്യ ഓസ്‌ട്രേലിയയുടെ ലീഡ് 287 റണ്‍സില്‍ ഒതുക്കിയത്. മുഹമ്മദ് ഷമി ആറ് വിക്കറ്റ് നേടി. നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 243 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായത്. ബൗണ്‍സിന്റെ ആനുകൂല്യം മുതലാക്കിയായിരുന്നു ഇന്ത്യന്‍ പേസര്‍മാരുടെ കളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com