30 പന്തുകള്‍ക്കിടെ പത്ത് നോബോളുകളെറിഞ്ഞ് സന്റകന്‍; കണ്ടെത്താതെ അമ്പയര്‍മാര്‍; വിവാദം

പരമ്പര ഇംഗ്ലണ്ട് തൂത്തുവരിയ പോരാട്ടത്തില്‍ ശ്രദ്ധേയമായത് ലങ്കന്‍ സ്പിന്നര്‍ ലക്ഷന്‍ സന്റകന്റെ ബൗളിങും അമ്പയറിങിലെ പാളിച്ചയുമായിരുന്നു
30 പന്തുകള്‍ക്കിടെ പത്ത് നോബോളുകളെറിഞ്ഞ് സന്റകന്‍; കണ്ടെത്താതെ അമ്പയര്‍മാര്‍; വിവാദം

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവരിയ പോരാട്ടത്തില്‍ ശ്രദ്ധേയമായത് ലങ്കന്‍ സ്പിന്നര്‍ ലക്ഷന്‍ സന്റകന്റെ ബൗളിങും അമ്പയറിങിലെ പാളിച്ചയുമായിരുന്നു. 

അമ്പയര്‍മാരുടെ ഗുരുതര പിഴവിനാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം സാക്ഷ്യം വഹിച്ചത്.  നാലാം ദിനത്തെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ഓവറുകളെറിഞ്ഞ ലക്ഷന്‍ സന്റകന്‍ ഇതിനിടെ പത്തോളം നോബോളുകള്‍ എറിഞ്ഞു. ഇത് കണ്ടെത്താന്‍ അമ്പയര്‍മാര്‍ക്ക് കഴിയാതിരുന്നത് വന്‍ വിവാദമാണ് ക്ഷണിച്ചുവരുത്തിയത്. മൂന്നാം ദിനത്തില്‍ തന്റെ മൊത്തം ഓവറിന്റെ 40 ശതമാനത്തോളം താരം നോബോള്‍ എറിഞ്ഞു. 

ഇത്രത്തോളം നോബോളുകള്‍ എറിഞ്ഞിട്ടും അമ്പയര്‍മാര്‍ക്ക് അത് കണ്ടെത്തുന്നതില്‍ പിഴവ് സംഭവിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്. താരത്തിന്റെ നോബോളുകള്‍ കണ്ടെത്തുന്നതില്‍ ഫീല്‍ഡ് അമ്പയര്‍മാരായ അമ്പയര്‍മാരായ ന്യൂസിലന്‍ഡിന്റെ ക്രിസ് ഗഫാനിയും ഇന്ത്യയുടെ സുന്ദരം രവിയും പരാജയപ്പെടതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

നാലാം ദിനം രാവിലെ സന്റകന്‍ എറിഞ്ഞ അഞ്ച് ഓവര്‍ സ്‌പെല്ലിലായിരുന്നു നോബോളുകള്‍ പ്രവഹിച്ചത്. 12 തവണ ക്രീസ് കവച്ച് വെച്ച് (ഫ്രണ്ട് ഫുട്ട്) നോബോളുകള്‍ സന്റകന്‍ എറിഞ്ഞെങ്കിലും ഇവയില്‍ രണ്ടെണ്ണം മാത്രമാണ് അമ്പയര്‍ക്ക് കണ്ടുപിടിക്കാനായത്. അതിലൊന്ന് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് പുറത്തായ പന്തായിരുന്നു. രണ്ടിന്നിങ്‌സിലും സ്റ്റോക്‌സ് പുറത്തായത് സന്റകന്റെ നോബോളുകളായിരുന്നുവെന്നും ആരോപണമുണ്ട്. 

സന്റകന്റെ ബൗളിങ് ആക്ഷനാണ് അമ്പയര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന നിരീക്ഷണങ്ങളുമുണ്ട്. അമ്പയര്‍മാര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചത് ഐസിസി വിശദമായി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com