പൂരന്റെ വെടിക്കെട്ടും ഫലം കണ്ടില്ല; നാലാം വിജയം സ്വന്തമാക്കി ബാം​ഗ്ലൂർ

കിങ്സ് ഇലവൻ പ‍ഞ്ചാബിനെതിരെ 17 റൺസിനാണ് ബാം​ഗ്ലൂർ വിജയം പിടിച്ചത്
പൂരന്റെ വെടിക്കെട്ടും ഫലം കണ്ടില്ല; നാലാം വിജയം സ്വന്തമാക്കി ബാം​ഗ്ലൂർ

ബം​ഗളൂരു: നിക്കോളാസ് പൂരൻ തീകോരിയിട്ടെങ്കിലും ഐപിഎല്ലിൽ റോയൽ ചല‍ഞ്ചേഴ്സ് ബാം​ഗ്ലൂർ നാലാം വിജയം സ്വന്തമാക്കി. കിങ്സ് ഇലവൻ പ‍ഞ്ചാബിനെതിരെ 17 റൺസിനാണ് ബാം​ഗ്ലൂർ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് സ്വന്തമാക്കിയത്. 203 റണ്‍സ് പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തി. എന്നാൽ അവസാന ഘട്ടത്തിൽ പഞ്ചാബ് കളി കൈവിടുകയായിരുന്നു. 28 പന്തുകൾ നേരിട്ട് 46 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. താരം അഞ്ച് സിക്സും ഓരു ഫോറും പറത്തി. മധ്യനിരയിൽ ഡേവിഡ് മില്ലർക്കും (25 പന്തിൽ 24) പൂരാനുമല്ലാതെ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നതാണ് പഞ്ചാബിന് തോൽവിയിലേക്കു വഴിയൊരുക്കിയത്. 

ഓപണർ കെഎല്‍ രാഹുൽ (27 പന്തിൽ 42), ക്രിസ് ഗെയ്ൽ (10 പന്തിൽ 23), മയാങ്ക് അഗർവാൾ (21 പന്തിൽ 35), ആർ അശ്വിൻ (ആറ്), മന്‍ദീപ് സിങ് (നാല്), മുരുകൻ അശ്വിൻ (ഒന്ന്), ഹാർഡസ് വിൽജോൺ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ സ്കോറുകൾ. ബാംഗ്ലൂരിനു വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നവ്ദീപ് സൈനി രണ്ടും മാർകസ് സ്റ്റോയ്നിസ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റു സ്വന്തമാക്കി.  

എബി ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 202 റണ്‍സെന്ന മികച്ച സ്കോർ പടുത്തുയർത്തിയത്.  അവസാന പന്തുകളിൽ ആഞ്ഞടിച്ച ഡിവില്ല്യേഴ്സാണ് ബാംഗ്ലൂർ സ്കോർ 200 കടത്തിയത്. 44 പന്തുകൾ മാത്രം നേരിട്ട് ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 82 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്.

മാർകസ് സ്റ്റോയ്നിസ് ബാംഗ്ലൂരിനായി 34 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്നു. ഓപണർ പാർഥിവ് പട്ടേല്‍ 43 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (13), മൊയീൻ അലി (നാല്), അക്ഷ്ദീപ് നാഥ് (മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റു ബാംഗ്ലൂര്‍ താരങ്ങളുടെ സ്കോറുകൾ. മുഹമ്മദ് ഷമി, ആർ അശ്വിൻ, മുരുകൻ അശ്വിൻ, ഹാർഡസ് വിൽജോൺ എന്നിവർ പഞ്ചാബിനായി ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com