ഉജ്ജ്വല സെഞ്ച്വറിയുമായി വാര്‍ണര്‍; മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ഓസീസ് പൊരുതുന്നു

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു
ഉജ്ജ്വല സെഞ്ച്വറിയുമായി വാര്‍ണര്‍; മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ഓസീസ് പൊരുതുന്നു

ടൗണ്‍ടണ്‍: പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു. ഓപണര്‍ ഡേവിഡ് വാര്‍ണര്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മുന്നേറ്റം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 39 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന നിലയിലാണ്. 15 റണ്‍സുമായി ഷോണ്‍ മാര്‍ഷും മൂന്ന് റണ്ണുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍. 

110 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സുമായാണ് വാര്‍ണര്‍ മടങ്ങിയത്. ഏകദിനത്തിലെ 15ാം സെഞ്ച്വറിയാണ് വാര്‍ണര്‍ ടൗണ്‍ടണില്‍ കുറിച്ചത്. വാര്‍ണറെ ഷഹീന്‍ ഷ അഫ്രീദി ഇമാം ഉള്‍ ഹഖിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

നേരത്തെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന സഖ്യം ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്നാം വിക്കറ്റില്‍ 146 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം സൃഷ്ടിച്ചത്. 22ാം ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് ആമിറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഫിഞ്ചിനെ മുഹമ്മദ് ഹഫീസ് ക്യാച്ചെടുത്ത് പുറത്താക്കി. 84 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സാണ് ഫിഞ്ച് കണ്ടെത്തിയത്. 

രണ്ടാമനായി ക്രീസിലെത്തിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന് അധികം ആയുസുണ്ടായില്ല. പത്ത് റണ്‍സില്‍ നില്‍ക്കേ മുഹമ്മദ് ഹഫീസിന്റെ പന്തില്‍ ആസിഫ് അലിക്ക് ക്യാച്ച് നല്‍കി സ്മിത്ത് മടങ്ങി. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ പത്ത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്ത് മികച്ച തുടക്കമിട്ടെങ്കിലും അധികം ആയുസുണ്ടായില്ല. താരത്തെ ഷഹീന്‍ ഷ അഫ്രീദി ബൗള്‍ഡാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com