യുവരാജിന്റെ മടങ്ങി വരാനുള്ള മോഹം നടക്കില്ല; പഞ്ചാബിനായി കളിക്കാനിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ

യുവരാജിന്റെ മടങ്ങി വരാനുള്ള മോഹം നടക്കില്ല; പഞ്ചാബിനായി കളിക്കാനിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ
യുവരാജ് സിങ്/ ഫയൽ
യുവരാജ് സിങ്/ ഫയൽ

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഐപിഎല്‍ അടക്കം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചാണ് യുവി കളം വിട്ടത്. എന്നാല്‍ ഈയടുത്ത കാലത്ത് പഞ്ചാബിനായി വീണ്ടും ഡൊമസ്റ്റിക്ക് സര്‍ക്യൂട്ടില്‍ കളിക്കാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള ശ്രമവും താരം നടത്തി. 

എന്നാല്‍ യുവിയുടെ ആഗ്രഹത്തിന് തടയിട്ടിരിക്കുകയാണ് ബിസിസിഐ. നിലവിലെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവിക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ പഞ്ചാബിനായി കളിക്കാനിറങ്ങി തിരിച്ചു വരാനായിരുന്നു യുവിയുടെ പദ്ധതി. 

2019 ജൂണിലാണ് യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് അദ്ദേഹം കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20, ടി10 ടൂര്‍ണമെന്റുകളില്‍ കളിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് തിരിച്ചെത്താനുള്ള അവസരം നിഷേധിക്കപ്പെടാന്‍ കാരണമായിരിക്കുന്നത്. വിരമിച്ച ശേഷം വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരെങ്കിലും കളിച്ചാല്‍ അവര്‍ക്ക് ഐപിഎല്‍, ഡൊമസ്റ്റിക്ക് പോരാട്ടങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല. ബിസിസിഐ നിയമമാണിത്. 

നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെടുത്ത പ്രവിണ്‍ താംബെയ്ക്ക് സമാന പ്രശ്‌നം കാരണം ഐപിഎല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. താംബെ ടി10 ലീഗ് കളിച്ചതിനാലാണ് ഐപിഎല്ലില്‍ അവസരം നിഷേധിക്കപ്പെട്ടത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിന് വേണമെങ്കില്‍ ഇനിയും തിരിച്ചു വരാം. കാരണം റായിഡു വിദേശ ലീഗുകളിലൊന്നും കളിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com