'സ്വന്തം നില സുരക്ഷിതമാക്കണമെന്ന ചിന്തയാണ് ആ ആവശ്യത്തിന് പിന്നിൽ'- റെയ്നയെ തള്ളി ബിസിസിഐ

'സ്വന്തം നില സുരക്ഷിതമാക്കണമെന്ന ചിന്തയാണ് ആ ആവശ്യത്തിന് പിന്നിൽ'- റെയ്നയെ തള്ളി ബിസിസിഐ
'സ്വന്തം നില സുരക്ഷിതമാക്കണമെന്ന ചിന്തയാണ് ആ ആവശ്യത്തിന് പിന്നിൽ'- റെയ്നയെ തള്ളി ബിസിസിഐ

ന്യൂഡൽഹി: ദേശീയ ടീമിൽ ഇടമില്ലാത്തവരും 30 വയസ് പിന്നിട്ടവരുമായ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന സുരേഷ് റെയ്നയുടെ ആവശ്യം തള്ളി ബിസിസിഐ. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമായി ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ ചാറ്റിനിടെയാണ് 30 പിന്നിട്ട, ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലാത്ത താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന് റെയ്ന ആവശ്യപ്പെട്ടത്. പഠാനും ഈ ആവശ്യത്തെ പിന്താങ്ങിയിരുന്നു. 

ഇതിന് പിന്നാലെയാണ് ബിസിസിഐ പ്രതിനിധി മറുപടിയുമായി എത്തിയത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു സംസാരിക്കുമ്പോഴാണ് റെയ്നയുടെയും പഠാന്റെയും ആവശ്യത്തെ ബിസിസിഐ പ്രതിനിധി പരിഹസിച്ച് തള്ളിയത്. 

വിരമിക്കൽ അടുക്കുമ്പോൾ ഏതൊരു താരത്തിനും ഉണ്ടാകുന്ന സ്വാഭാവിക തോന്നൽ മാത്രമാണ് ഇതെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ഐപിഎൽ താരലേലത്തിൽ ബിസിസിഐയുടെ കരാറിൽ ഉൾപ്പെടാത്ത താരങ്ങൾക്കും വമ്പൻ തുക ലഭിക്കുന്നതിനായി പ്രത്യേകം മാറ്റിനിർത്തുന്നതിനാണ് വിദേശ ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കാത്തതെന്നും ബിസിസിഐ പ്രതിനിധി വിശദീകരിച്ചു. 

ഇന്ത്യൻ താരങ്ങളുടെ തനിമ നിലനിർത്തുന്നതിനും അങ്ങനെ താര ലേലത്തിൽ വലിയ തുക ഉറപ്പാക്കുന്നതിനുമാണ് മറ്റു ലീഗുകളിൽ കളിക്കാൻ വിടാതെ പിടിച്ചു നിർത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ വരുമ്പോൾ ബിസിസിഐയുടെ കരാറിൽ ഉൾപ്പെടാത്ത താരങ്ങൾക്കായും വലിയ ലേലം നടക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരമിക്കൽ പ്രായം അടുത്തു വരുന്നുവെന്ന തോന്നലിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ ഉടലെടുക്കുന്നത്. അത് തികച്ചും സ്വാഭാവികം മാത്രം. സ്വന്തം നില സുരക്ഷിതമാക്കണമെന്ന ചിന്ത വരുമ്പോഴാണ് ഇത്തരം ആശയങ്ങളൊക്കെ മനസിലേക്കു വരുന്നത്. അതിനെ കുറ്റം പറയാനാകില്ല – ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും കാഴ്ചപ്പാടിൽ താരങ്ങളുടെ തനിമ കൈവിടാതെ ഐപിഎല്ലിനു വേണ്ടി മാത്രം അവരെ കാത്തുസൂക്ഷിക്കുകയാണ്. അങ്ങനെ വരുമ്പോൾ ഐപിഎൽ താര ലേലത്തിൽ ബിസിസിഐ കരാറിൽ ഇല്ലാത്തവർക്കു പോലും വലിയ തുക ലഭിക്കാൻ സാധ്യതയേറും. അതുകൊണ്ട് ഇന്ത്യൻ താരങ്ങളുടെ തനിമ നിലനിർത്തുന്നതാണ് പ്രധാനമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com