വഴി 'മുടങ്ങി'യപ്പോള്‍ വഴി 'മുടക്കി' മടക്കം; ധോനിയും സംഘവും നാട്ടിലേക്ക് മടങ്ങി

വഴി 'മുടങ്ങി'യപ്പോള്‍ വഴി 'മുടക്കി' മടക്കം; ധോനിയും സംഘവും നാട്ടിലേക്ക് മടങ്ങി; തലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കാന്‍ ശര്‍മ
വഴി 'മുടങ്ങി'യപ്പോള്‍ വഴി 'മുടക്കി' മടക്കം; ധോനിയും സംഘവും നാട്ടിലേക്ക് മടങ്ങി

ദുബായ്: ഐപിഎല്‍ ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങി. പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതിനു പിന്നാലെയാണ് ധോനിയും സംഘവും യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. 

ഇന്ത്യയിലേക്ക് മടങ്ങാനായി ധോനിക്കൊപ്പം വിമാനത്തിലിരിക്കുന്ന ചിത്രം ടീമംഗമായ കാന്‍ ശര്‍മ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമൊപ്പം മോനുകുമാറുമുണ്ട്.

അതേസമയം, ഐപിഎല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി, ചെന്നൈ ടീമില്‍ നിന്ന് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദീപക് ചഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ യുഎഇയില്‍ തന്നെ തുടരും. ഐപിഎലിനു ശേഷം ദുബായില്‍ നിന്നാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.

പ്രാഥമിക ഘട്ടത്തിലെ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ത്തന്നെ പ്ലേഓഫ് കാണില്ലെന്ന് ഉറപ്പായ ചെന്നൈ, അവസാന രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനവുമായി വിജയം നേടിയാണ് സീസണ്‍ അവസാനിപ്പിച്ചത്. ഈ മത്സരങ്ങളിലെ ചെന്നൈയുടെ വിജയങ്ങള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് കനത്ത തിരിച്ചടിയുമായി. 

ഇത്തവണ പ്രകടനം മോശമായെങ്കിലും അടുത്ത സീസണില്‍ ശക്തമായി തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയാണ് ധോനിയും സംഘവും നാട്ടിലേക്ക് മടങ്ങുന്നത്. അടുത്ത സീസണില്‍ ടീമിന്റെ കേന്ദ്ര സ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ധോനി വ്യക്തമാക്കിയിരുന്നു. അടുത്ത 10 വര്‍ഷം മുന്നില്‍ക്കണ്ടുള്ള അഴിച്ചുപണിയാണ് മനസ്സിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തല തന്നെയാകും അടുത്ത സീസണിലും ചെന്നൈയെ നയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com