വിന്‍ഡിസിനെതിരെ 4-1ന്റെ തോല്‍വി, ബംഗ്ലാദേശും 4-1ന് വീഴ്ത്തി; നാണംകെട്ട് ഓസ്‌ട്രേലിയ 

വിന്‍ഡിസിനോട് 4-1ന് തോറ്റതിന് പിന്നാലെ ബംഗ്ലാദേശിനോടും 4-1ന് പരമ്പര അടിയറവ് വെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ
ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

ധാക്ക: ടി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഓസ്‌ട്രേലിയക്ക് ആശങ്ക നിറച്ച് വിന്‍ഡിസ്, ബംഗ്ലാദേശ് പരമ്പരകള്‍. വിന്‍ഡിസിനോട് 4-1ന് തോറ്റതിന് പിന്നാലെ ബംഗ്ലാദേശിനോടും 4-1ന് പരമ്പര അടിയറവ് വെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. 

ആദ്യ മൂന്ന് ടി20യും ജയിച്ച് നേരത്തെ തന്നെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം ടി20യില്‍ ജയം പിടിക്കാന്‍ ഓസീസിനായി. എന്നാല്‍ അവസാന ടി20യില്‍ സന്ദര്‍ശകര്‍ 60 റണ്‍സിന്റെ തോല്‍വിയിലേക്കാണ് വീണത്. 

ആദ്യം ബാറ്റ് ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് ആണ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയാവട്ടെ 62 റണ്‍സിന് ഓള്‍ഔട്ട്. ഓസ്‌ട്രേലിയയുടെ ടി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്. 3.4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അല്‍ ഹസനും മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സയ്ഫുദ്ദീനും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ കറക്കി എറിഞ്ഞിട്ടത്. 

22 റണ്‍സ് എടുത്ത നായകന്‍ മാത്യു വേഡ് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. വേഡും 17 റണ്‍സ് എടുത്ത മക്‌ഡെര്‍മോട്ടും മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാക്‌സ്വെല്‍ എന്നീ പ്രധാന താരങ്ങളുടെ അഭാവം ഓസ്‌ട്രേലിയയെ കാര്യമായി രണ്ട് പരമ്പരയിലും ബാധിച്ചു.

വിന്‍ഡിസിനെതിരെ ടി20 പരമ്പര 4-1ന് തോറ്റെങ്കിലും ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബംഗ്ലാദേശിന് എതിരേയും ടി20 പരമ്പര തോറ്റതോടെ ലോകകപ്പിന് ഒരുങ്ങുന്ന ഓസ്‌ട്രേലിയക്ക് അത് വലിയ തലവേദനയാണ്. ബംഗ്ലാദേശ് ആവട്ടെ ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയയോട് ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ജയം പിടിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com