ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് ; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടം ; 154 റണ്‍സ് ലീഡ്

14 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മ്മയുമാണ് ക്രീസില്‍
അജിന്‍ക്യ രഹാനെയുടെ ബാറ്റിങ് / ട്വിറ്റര്‍ ചിത്രം
അജിന്‍ക്യ രഹാനെയുടെ ബാറ്റിങ് / ട്വിറ്റര്‍ ചിത്രം

ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ പതറുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന നിലയിലാണ്. 14 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മ്മയുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആകെ 154 റണ്‍സിന്റെ ലീഡ് ആണുള്ളത്.

61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് രണ്ടാമിന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്നലെ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോഹ് ലി (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. 

പിന്നാലെ കടുത്ത പ്രതിരോധം തീര്‍ത്ത രഹാനെ- ചേതേശ്വര്‍ പൂജാര (45) സഖ്യമാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. ഇരുവരും ചേർന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 206 പന്തില്‍ നിന്നാണ് പൂജാര 45 റണ്‍സെടുത്തത്. മാർക്ക് വുഡിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. 

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ രഹാനെയും ക്രീസ് വിട്ടു. മൊയീന്‍ അലിയുടെ പന്തില്‍ ബട്‌ലര്‍ ക്യാച്ചെടുത്തു.  വാലറ്റത്തെ വിശ്വസ്തനായ രവീന്ദ്ര ജഡേജയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് റണ്‍സെടുത്ത ജഡേജ അലിയുടെ പന്തില്‍ ബൗള്‍ഡായി.

നേരത്തെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. പുറത്താവാതെ 180 റണ്‍സാണ് റൂട്ട്  നേടിയത്. ജോണി ബെയര്‍സ്‌റ്റോ (57), റോറി ബേണ്‍ഡസ് (49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com