ആഞ്ഞടിച്ച് ആന്‍ഡേഴ്‌സണ്‍ ; ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി ; കോഹ്‌ലി അടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായി

21 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലീഡ്‌സ് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 21 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.  

ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (ഒന്ന്), വിരാട് കോലി (17 പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായത്. മൂവരെയും ജയിംസ് ആന്‍ഡേഴ്‌സനാണ് പുറത്താക്കിയത്. ക്യാച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍.  

20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (67 പന്തില്‍ 12 ), അജിന്‍ക്യ രഹാനെ (30 പന്തില്‍ ഏഴ് ) എന്നിവരാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ഞെട്ടിച്ച് ആദ്യ ഓവറില്‍ത്തന്നെ രാഹുല്‍ പുറത്തായി. ആന്‍ഡേഴ്‌സന്റെ പന്തില്‍ കീപ്പര്‍ ബട്‌ലര്‍ ക്യാച്ചെടുക്കുമ്പോള്‍  ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം. നാലു പന്ത് നേരിട്ട് രാഹുലിന് അക്കൗണ്ട് തുറക്കാനുമായില്ല.

വണ്‍ഡൗണായെത്തിയ ചേതേശ്വര്‍ പൂജാരയും തൊട്ടു പിന്നാലെ വന്നപോലെ മടങ്ങി. ഏഴു പന്തു നേരിട്ട് ഒരു റണ്‍ മാത്രമാണ് നേടിയത്. തുടര്‍ന്നെത്തിയ കോഹ്‌ലി രോഹിത്തിനൊപ്പം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

എന്നാല്‍ കോഹ്‌ലിക്കും അധികം ആയുസ്സുണ്ടായില്ല. 17 പന്തില്‍ ഒരു ഫോര്‍ സഹിതം ഏഴു റണ്‍സെടുത്ത കോഹ്‌ലിയെയും ആന്‍ഡേഴ്‌സന്‍ പുറത്താക്കി. ഇംഗ്ലണ്ടില്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന കോഹ്‌ലി, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com