ബിസിസിഐക്ക് ആശ്വാസം, ന്യൂസിലാൻഡ് താരങ്ങൾ ഐപിഎൽ കളിക്കാനെത്തും

ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കുന്ന ബിസിസിഐക്ക് ആശ്വാസ വാർത്ത
ജാമിസൺ/ഫോട്ടോ: ഐപിഎൽ, ബിസിസിഐ
ജാമിസൺ/ഫോട്ടോ: ഐപിഎൽ, ബിസിസിഐ

ന്യൂഡൽഹി: ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കുന്ന ബിസിസിഐക്ക് ആശ്വാസ വാർത്ത. ന്യൂസിലാൻഡ് കളിക്കാർ യുഎഇയിലേക്ക് ടൂർണമെന്റിനായി എത്തുമെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. 

ഏഴ് ന്യൂസിലാൻഡ് കളിക്കാരാണ് ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികളുടെ ഭാ​ഗമായിട്ടുള്ളത്. ജാമിസൻ, വില്യംസൺ, ട്രെന്റ് ബോൾട്ട്, ലോക്കീ ഫെർ​ഗൂസൻ, ടിം സീഫേർട്ട്, ഫിൻ അലൻ, ജിമ്മി നീഷാം എന്നിവരാണ് ഐപിഎല്ലിൽ കളിക്കുന്ന കിവീസ് താരങ്ങൾ. ഇവർ‌ യുഎഇയിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇം​ഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായി ബിസിസിഐ ധാരണയിലെത്താൻ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. ഐപിഎൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾക്കായി കളിക്കാരെ അയക്കില്ലെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇം​ഗ്ലണ്ടിന്റെ ഇന്റർനാഷണൽ ഷെഡ്യൂളിലെ തിരക്കും ഡൊമസ്റ്റിക് ലീ​ഗുമെല്ലാം പരി​ഗണിച്ചായിരുന്നു ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രതികരണം. 

കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ പതിനാലാം സീസൺ മത്സരങ്ങൾ മെയ് ആദ്യ വാരം റദ്ദാക്കിയപ്പോൾ ഏറ്റവും കൂടുതൽ വലഞ്ഞത് ഓസ്ട്രേലിയൻ കളിക്കാരായിരുന്നു. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നതിനാൽ കളിക്കാർക്ക് നാട്ടിലേക്ക് മടങ്ങാനായിരുന്നില്ല. ഇതോടെ ഇത്തരം കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് വേണ്ടരീതിയിൽ ചിന്തിക്കണം എന്ന പ്രതികരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ എത്തിയിരുന്നു. 

മാലി​ദ്വീപിൽ ഏതാനും ദിവസം തങ്ങിയതിന് ശേഷമാണ് ഓസീസ് കളിക്കാർക്ക് നാട്ടിലേക്ക് തിരികെ പോകാൻ സാധിച്ചത്. എന്നാൽ വിൻഡിസ്, ബം​ഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് ഏഴ് പ്രമുഖ ഓസീസ് താരങ്ങൾ പിന്മാറിയിട്ടുണ്ട്. ഇത് ഐപിഎല്ലിൽ കളിക്കാൻ എത്തുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com