പെനാല്‍റ്റി തുലച്ച് മെസി വീണ്ടും ദുരന്ത നായകന്‍; ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

പെനാല്‍റ്റി കളഞ്ഞു കുളിച്ച് മെസി വീണ്ടും ദുരന്ത നായകന്‍; ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
നിരാശനായി മൈതാനം വിടുന്ന മെസി/ ട്വിറ്റർ
നിരാശനായി മൈതാനം വിടുന്ന മെസി/ ട്വിറ്റർ

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരെ രണ്ട് പാദ പോരാട്ടത്തില്‍ 5-2 എന്ന സ്‌കോറിന് തോല്‍വി പിണഞ്ഞാണ് കറ്റാലന്‍ സംഘത്തിന്റെ മടക്കം. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 4-1ന്റെ കനത്ത തോല്‍വിയായരുന്നു ബാഴ്‌സ നേരിട്ടത്. രണ്ടാം പാദത്തില്‍ മത്സരം 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.  

2017ലെ എന്നത് പോലെ അത്ഭുതങ്ങള്‍ സംഭവിക്കുമോ എന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. ഒരു ഗോള്‍ നേടി നായകനായ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി തുലച്ച് വില്ലനുമായി. പിഎസ്ജിയുടെ ഗോള്‍ കെയ്‌ലിയന്‍ എംബാപ്പെ വകയായിരുന്നു. 

പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് പിഎസ്ജി കളിച്ചത്. അതുകൊണ്ടു തന്നെ ബാഴ്‌സലോണയാണ് മത്സരത്തില്‍ പന്ത് അധികം കൈയില്‍ വെച്ചത്. അവസരങ്ങള്‍ ഏറെ സൃഷ്ടിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ മാത്രം കഴിഞ്ഞില്ല. വലയ്ക്ക് താഴെ പിഎസ്ജി ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് മികച്ച ഫോമിലായതും കറ്റാലന്‍ സംഘത്തിന്റെ വഴിയടച്ചു. 

ആക്രമിച്ചത് ബാഴ്‌സലോണ ആണെങ്കിലും ആദ്യ ഗോള്‍ വന്നത് പി എസ് ജിയില്‍ നിന്നായിരുന്നു. 31ആം മിനിറ്റില്‍ ഇക്കാര്‍ഡിയെ വീഴ്ത്തിയതിന് പിഎസ്ജിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇത് വലയില്‍ എത്തിച്ച് എംബാപ്പെ ടീമിനെ മുന്നില്‍ കടത്തി. 

37ാം മിനിറ്റില്‍ മികച്ച നീക്കത്തിലൂടെ മെസി ടീമിനെ ഒപ്പമെത്തിച്ചു. തൊട്ടുപിനാലെ ബാഴ്‌സലോണയ്ക്ക് അനുകൂലമായി പെനാല്‍റ്റി. എന്നാല്‍ മെസിയുടെ കിക്ക് നവാസ് തടുത്തു. ലീഡെടുക്കാനുള്ള അവസരമാണ് മെസി കളഞ്ഞത്. ആ പെനാല്‍റ്റി നഷ്ടമായതോടെ ബാഴ്‌സലോണയുടെ പോരാട്ട വീര്യവും ഇല്ലാതായി. രണ്ടാം പകുതിയില്‍ കളി വിരസമായി. 

മറ്റൊരു മത്സരത്തില്‍ ലെയ്പ്‌സിഗിനെ വീഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി. ഇരു പാദങ്ങളിലായി 4-0ത്തിനാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. രണ്ടാം പാദത്തില്‍ മുഹമ്മദ് സല, സാദിയോ മാനെ എന്നിവരുടെ ഗോളുകളിലാണ് ലിവര്‍പൂള്‍ 2-0ത്തിന് വിജയം പിടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com