കത്തിക്കയറി ഉത്തപ്പ, സഞ്ജു സാംസൺ; ബി​ഹാറിനെ തകർത്ത് വിജയം പിടിച്ച് കേരളം

കത്തിക്കയറി ഉത്തപ്പ, സഞ്ജു സാംസൺ; ബി​ഹാറിനെ തകർത്ത് വിജയം പിടിച്ച് കേരളം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം പോരാട്ടത്തിൽ വിജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തിൽ ഗുജറാത്തിനോടു വഴങ്ങിയ കൂറ്റൻ തോൽവിയുടെ ക്ഷീണം ബിഹാറിനോടാണ് കേരളം തീർത്തത്. അതിഥി താരം റോബിൻ ഉത്തപ്പ താളം കണ്ടെത്തുകയും ക്യാപ്റ്റൻ സഞ്ജു സാംസൺ ഫോം തുടർന്നതുമായി കാര്യങ്ങൾ കേരളത്തിന് അനുകൂലമാക്കിയത്. 

ഏഴ് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിഹാർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ 35 പന്തുകൾ ബാക്കി നിർത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി.

വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ കേരളം നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. രണ്ട് കളികളും ജയിച്ച മധ്യപ്രദേശ് എട്ട് പോയിന്റുമായി ഒന്നാമതുണ്ട്. ആദ്യ മത്സരത്തിൽ കേരളത്തെ തോൽപ്പിച്ച ഗുജറാത്ത് നാല് പോയിന്റുമായി രണ്ടാമതും നിൽക്കുന്നു.

അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപ്പണർ റോബിൻ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഉത്തപ്പ 34 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 57 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. സഞ്ജു സാംസൺ 20 പന്തിൽ മൂന്ന് ഫോറും നാലു സിക്സും സഹിതം 45 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പ – മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം നൽകിയ മിന്നുന്ന തുടക്കമാണ് കേരളത്തിന്റെ വിജയത്തിന്  അടിത്തറയായത്. ഇരുവരും വെറും 41 പന്തിൽ നിന്ന് അടിച്ചെടുത്തത് 64 റൺസ്. അസ്ഹറുദ്ദീൻ 11 പന്തിൽ ഒരു ഫോർ സഹിതം എട്ട് റൺസെടുത്ത് പുറത്തായി. കെജി റോജിത്ത് (അഞ്ച് പന്തിൽ ഒന്ന്), സച്ചിൻ ബേബി (ഒൻപത് പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി. വിഷ്ണു വിനോദ് ആറ് പന്തിൽ ആറ് റൺസുമയി പുറത്താകാതെ നിന്നു. 

ബിഹാറിനായി ക്യാപ്റ്റൻ അശുതോഷ് അമൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അഭിജിത് നാല് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

മൂന്ന് വിക്കറ്റുകൾ പിഴുത് ബേസിൽ

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിഹാറിന് സാകിബുൾ ഗനിയുടെ അർധ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോർ മ്മാനിച്ചത്. ഗനി 41 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 53 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ മംഗൽ മഹ്റോർ (33 പന്തിൽ 30), ബിപിൻ സൗരഭ് (19 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

അതേസമയം, ബാബുൽ കുമാർ (ആറു പന്തിൽ ആറ്), യശസ്വി റിഷവ് (13 പന്തിൽ എട്ട്), പ്രത്യുഷ് സിങ് (ആറു പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി. സച്ചിൻ കുമാർ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

കേരളത്തിനായി ബേസിൽ തമ്പി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കെഎം ആസിഫ് നാല് ഓവറിൽ 38 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com