തകര്‍ത്തടിച്ച് ഡേവിഡ് വാര്‍ണര്‍, ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി, ഓസ്‌ട്രേലിയയുടെ രണ്ടാം ജയം

ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് ഉയര്‍ന്ന കളിയില്‍ ശ്രീലങ്കയ്‌ക്കെതിരെ അനായാസ ജയം നേടി ഓസ്‌ട്രേലിയ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് ഉയര്‍ന്ന കളിയില്‍ ശ്രീലങ്കയ്‌ക്കെതിരെ അനായാസ ജയം നേടി ഓസ്‌ട്രേലിയ. ശ്രീലങ്ക മുന്‍പില്‍ വെച്ച 154 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18 പന്തുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. 

42 പന്തില്‍ നിന്ന് 10 ഫോറുകളുമായാണ് ഡേവിഡ് വാര്‍ണര്‍ 65 റണ്‍സ് നേടിയത്. ഫിഞ്ച് 37 റണ്‍സും സ്മിത്ത് 28 റണ്‍സും നേടി. 7 പന്തില്‍ നിന്ന് 16 റണ്‍സ് നേടി സ്റ്റൊയ്‌നിഷ് കളി ഫിനിഷ് ചെയ്തു. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് കളിയിലെ താരം. ആദ്യ കളിയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. തങ്ങളുടെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെയാണ് ശ്രീലങ്ക വീഴ്ത്തിയത്. 

ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ കുരുക്കി ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍

ദുബായില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

35 വീതം റണ്‍സെടുത്ത കുശാല്‍ പെരേര, ചരിത് അസലങ്ക എന്നിവരും 33 റണ്‍സുമായി പുറത്താകാതെ നിന്ന ഭനുക രജപക്‌സ എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. കുശാല്‍ പെരേര നാല് ഫോറും ഒരു സിക്‌സും സഹിതം 25 പന്തിലും അസലങ്ക 27 പന്തുകള്‍ നേരിട്ട് ഇത്ര തന്നെ സിക്‌സും ഫോറും സഹിതമാണ് 35 റണ്‍സ് കണ്ടെത്തിയത്. രജപക്‌സ 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് 33 റണ്‍സെടുത്തത്.

പതും നിസങ്ക (7), അവിഷ്‌ക ഫെര്‍ണാണ്ടോ (4), വാനിന്ദു ഹസരങ്ക (4), ക്യാപ്റ്റന്‍ ദസുന്‍ സനക (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ചമിക കരുണരത്‌നെ ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com