നാലാം ടെസ്റ്റില്‍ ഓസീസിന് തുടക്കത്തിലേ തിരിച്ചടി ; ഓപ്പണര്‍മാര്‍ പുറത്ത് ; നടരാജനും വാഷിങ്ടണ്‍ സുന്ദറിനും അരങ്ങേറ്റം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2021 07:06 AM |
Last Updated: 15th January 2021 07:06 AM | A+A A- |
വാര്‍ണറെ പുറത്താക്കുന്നു/ ബിസിസിഐ ട്വിറ്റര്‍ ചിത്രം
ബ്രിസ്‌ബേന്‍ : ബ്രിസ്‌ബേനില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യ മികച്ച തുടക്കം കുറിച്ചു. 17 റണ്‍സെടുക്കുന്നതിനിടെയാണ് രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യ പവലിയനിലേക്ക് തിരിച്ചയച്ചത്. ഒരു റണ്ണെടുത്ത ഡേവിഡ് വാര്‍ണറെ മുഹമ്മദ് സിറാജും അഞ്ചു റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദൂല്‍ താക്കൂറുമാണ് പുറത്താക്കിയത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, പേസ് ബൗളര്‍ ടി നടരാജന്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചു. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബൂംറ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് പകരമാണ് ഇവര്‍ ടീമിലെത്തിയത്.
ജയദേവ് ഉനദ്കട്ടിന് ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇടംകൈയന്‍ പേസറാണ് തമിഴ്‌നാട് സ്വദേശിയായ നടരാജന്‍. പരിക്കേറ്റ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവരും നാലാം ടെസ്റ്റിനില്ല.
അതേസമയം പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാര്‍ ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തി. മധ്യനിരയില്‍ മായങ്ക് അഗര്‍വാളിനെയും ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാകും ഓപ്പണ്‍ ചെയ്യുക.