'കുല്‍ദീപിനെ ഒഴിവാക്കി വാഷിങ്ടന്‍ സുന്ദറോ! കഷ്ടം'- ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് പരമ ദയനീയമെന്ന് ആരാധകര്‍

'കുല്‍ദീപിനെ ഒഴിവാക്കി വാഷിങ്ടന്‍ സുന്ദറോ! കഷ്ടം'- ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് പരമ ദയനീയമെന്ന് ആരാധകര്‍
കുൽദീപ് യാദവ് (ഫയൽ)
കുൽദീപ് യാദവ് (ഫയൽ)

ബ്രിസ്‌ബെയ്ന്‍: സമീപ കാലത്ത് ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനവുമായി നിറഞ്ഞു നിന്ന താരമാണ് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. പ്രത്യേകിച്ച് 2018-19 കാലത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റില്‍ കുല്‍ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങുകയും ചെയ്തിരുന്നു. ആ സമയത്ത് പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത് ടീമിന് പ്ലെയിങ് ഇലവനില്‍ ഒരു സ്പിന്നര്‍  മാത്രമാണ് വേണ്ടത് എങ്കില്‍ തീര്‍ച്ചയായും ആ സ്ഥാനം കുല്‍ദീപിനായിരിക്കും എന്നായിരുന്നു.

എന്നാല്‍ ഇത്തവണ ടീമിലുണ്ടായിട്ടും ഒരു ടെസ്റ്റില്‍ പോലും കുല്‍ദീപിന് ഇടം കിട്ടിയില്ല. സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരുള്ളത് താരത്തിന് തിരിച്ചടിയായി. നാലാം ടെസ്റ്റില്‍ ഇരു താരങ്ങളും പരിക്കേറ്റ് പുറത്ത് പോയപ്പോള്‍ കുല്‍ദീപിന് അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഏവരേയും അമ്പരപ്പിച്ച് വാഷിങ്ടന്‍ സുന്ദറിന് അരങ്ങേറാനുള്ള അവസരമാണ് ടീം നല്‍കിയത്.

ഇപ്പോഴിതാ ഈ തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി. വാഷിങ്ടന്‍ സുന്ദറിനെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിക്കാനുള്ള തീരുമാനം തെറ്റാണെന്ന് ആരാധകര്‍ പറയുന്നു.

കുല്‍ദീപിനെ പോലെയൊരു താരത്തെ പുറത്തിരുത്തി നിര്‍ണായക പോരില്‍ ഒരു പുതുമുഖത്തിന് അവസരം നല്‍കാനുള്ള തീരുമാനം ദയനീയം എന്നാണ് ആരാധകര്‍ പറയുന്നത്. വലിയ റിസ്‌കാണ് ഈ തീരുമാനം എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. വാഷിങ്ടന്‍ സുന്ദറിനെ കളിപ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍ നടരാജനെ ഒഴിവാക്കി കുല്‍ദീപിനും സുന്ദറിനും അവസരം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത് എന്നായിരുന്നു മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.  

അശ്വിന്‍ ഇല്ലാത്ത സ്ഥിതിക്ക് തീര്‍ച്ചയായും കുല്‍ദീപിനായിരുന്നു അവസരം നല്‍കേണ്ടിയിരുന്നത്. നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരില്‍ ഒരാളെ മാറ്റിയെങ്കിലും കുല്‍ദീപിനെ കളിപ്പിക്കണമായിരുന്നു. നിരവധി പേരാണ് കുല്‍ദീപിനെ കളിപ്പിക്കാത്തതിനെ ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com