ഇം​ഗ്ലണ്ട് 205ന് പുറത്ത്; ആദ്യ ദിനത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്; വീണത് ​ഗിൽ

ഇം​ഗ്ലണ്ട് 205ന് പുറത്ത്; ആദ്യ ദിനത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്; വീണത് ​ഗിൽ
രോഹിത് ശർമയും ചേതേശ്വർ പൂജാരയും ബാറ്റിങിനിടെ/ ട്വിറ്റർ
രോഹിത് ശർമയും ചേതേശ്വർ പൂജാരയും ബാറ്റിങിനിടെ/ ട്വിറ്റർ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒൻപത് വിക്കറ്റുകൾ കൈയിലിരിക്കെ ഇം​ഗ്ലീഷ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനി 181 റൺസ് കൂടി വേണം. 

ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ജെയിംസ് അൻഡേഴ്‌സനാണ് ഗില്ലിനെ മടക്കിയത്. കളി നിർത്തുമ്പോൾ 15 റൺസുമായി ചേതേശ്വർ പൂജാരയും എട്ട് റൺസുമായി ഓപ്പണർ രോഹിത് ശർമയുമാണ് ക്രീസിൽ. 

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്തായിരുന്നു. 55 റൺസെടുത്ത ബെൻ സ്റ്റോക്ക്‌സും 46 റൺസെടുത്ത ഡാനിയൽ ലോറൻസും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടൺ സുന്ദർ സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റൻ ജോ റൂട്ട് (5) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. 

പിന്നാലെ ക്രീസിൽ ഒന്നിച്ച ജോണി ബെയർ‌സ്റ്റോ - ബെൻ സ്റ്റോക്ക്‌സ് സഖ്യം ഇംഗ്ലണ്ടിനായി നാലാം വിക്കറ്റിൽ 48 റൺസ് ചേർത്തു. 28 റൺസെടുത്ത ബെയർസ്‌റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് സ്റ്റോക്ക്‌സും ഒലി പോപ്പും ചേർന്ന് സ്‌കോർ 121 വരെയെത്തിച്ചു. അർധ സെഞ്ച്വറി നേടിയ സ്‌റ്റോക്ക്‌സിനെ (55) പുറത്താക്കി വാഷിങ്ടൺ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

തുടർന്ന് ഒലി പോപ്പിനൊപ്പം ഡാനിയൽ ലോറൻസും ചേർന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 166 വരെയെത്തി. ഈ സമയം 29 റൺസെടുത്ത പോപ്പിനെ അശ്വിൻ മടക്കി. പിന്നാലെ എത്തിയ ബെൻ ഫോക്‌സ് (1) വന്നപാടേ മടങ്ങി. 46 റൺസെടുത്ത ലോറൻസിനെ അക്‌സർ പട്ടേൽ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ജെയിംസ് ആൻഡേഴ്‌സൻ 10 റൺസോടെ പുറത്താകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com