കോവിഡ് ആശങ്ക; ഐപിഎൽ ഉപേക്ഷിക്കുമോ? നിലപാട് വ്യക്തമാക്കി ഫ്രാഞ്ചൈസികൾ

സുരക്ഷയ്ക്കായി ബിസിസിഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഫ്രാഞ്ചൈസികൾ പറയുന്നു
ധോനി, കോഹ്‌ലി/ഫയല്‍ ചിത്രം
ധോനി, കോഹ്‌ലി/ഫയല്‍ ചിത്രം

മുംബൈ: കളിക്കാർ ഉൾപ്പെടെയുള്ളവർ കോവിഡ് ബാധിതരായതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയെങ്കിലും ടൂർണമെന്റുമായി മുൻപോട്ട് പോവണമെന്ന് ഫ്രാഞ്ചൈസികൾ. സുരക്ഷയ്ക്കായി ബിസിസിഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഫ്രാഞ്ചൈസികൾ പറയുന്നു. 

സീസണിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇനി ടൂർണമെന്റ് ഉപേക്ഷിക്കുക എന്ന തീരുമാനം സ്വീകരിക്കേണ്ടതില്ലെന്നാണ് ടീമുകളുടെ നിലപാട്. ബയോ ബബിളിന് ഉള്ളിലുള്ളവർ സുരക്ഷിതരാണ്. സ്കാനിങ്ങിനായി ചിലരെ ബബിളിന് പുറത്തിറക്കിയിരുന്നു. ഇവരിലൂടെയാവാം രോ​ഗബാധയുണ്ടായത് എന്നാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വിലയിരുത്തൽ. 

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം സന്ദീപ് വാര്യർ, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർക്കാണ് കൊൽക്കത്ത ക്യാമ്പിൽ കോവിഡ് പോസിറ്റീവായത്. ഇതോടെ കൊൽക്കത്ത-ബാം​ഗ്ലൂർ മത്സരം മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജി ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ പരിശോധനയിൽ ഇവരുടെ ഫലം നെ​ഗറ്റീവായത് ആശയക്കുഴപ്പത്തിനിടയാക്കി. 

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ നിർത്തി വെക്കണം എന്ന മുറവിളി ശക്തമായിരുന്നു. കോവിഡിനെ തുടർന്ന് ജനം വലയുമ്പോൾ ഐപിഎൽ നടത്തുന്നത് ഉചിതമല്ലെന്ന വാദങ്ങൾ ശക്തമായതിന് പിന്നാലെയാണ് ബയോ ബബിളിനുള്ളിൽ കഴിഞ്ഞ കളിക്കാർക്ക് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇനിയും കോവിഡ് കേസുകൾ ബബിളിനുള്ളിൽ നിന്ന് വന്നാൽ ഐപിഎൽ നിർത്തി വയ്ക്കേണ്ട തീരുമാനത്തിലേക്ക് ബിസിസിഐക്ക് എത്തേണ്ടതായി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com