തീപ്പൊരി ബൗളിങുമായി ഭുവനേശ്വര്‍, ഹര്‍ദിക്; പാകിസ്ഥാനെ 147ല്‍ ഒതുക്കി ഇന്ത്യ

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങാണ് പാകിസ്ഥാനെ കുഴക്കിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 148 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ടോസ് നേടി ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങാണ് പാകിസ്ഥാനെ കുഴക്കിയത്. മൂന്ന് വിക്കറ്റുകള്‍ പിഴുത് ഹര്‍ദിക് പാണ്ഡ്യയും തകര്‍ച്ചയുടെ വേഗം കൂട്ടി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആവേശ് ഖാന്‍ ഒരു വിക്കറ്റെടുത്തു. 

43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. അഫ്തിഖര്‍ അഹമ്മദ് 28 റണ്‍സെടുത്തു. അവസാനമിറങ്ങിയ ഷാനവാസ് ദഹാനി ആറ് പന്തില്‍ 16 റണ്‍സെടുത്തു. താരം രണ്ട് സിക്‌സുകള്‍ പറത്തി. 

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ നഷ്ടമായി. ബാബറിനെ മടക്കി ഭുവനേശ്വര്‍ കുമാറാണ് പാക് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. അര്‍ഷ്ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. ഒന്‍പത് പന്തില്‍ 10 റണ്‍സാണ് പാക് നായകന്‍ നേടിയത്. 

രണ്ടാം വിക്കറ്റായി ഫഖര്‍ സമാനും മടങ്ങി. ആറ് പന്തില്‍ 10 റണ്‍സുമായാണ് ഫഖര്‍ സമാന്‍ നേടിയത്. ആവേശ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് പിടിനല്‍കിയാണ് താരം പുറത്തായത്. ഇഫ്തിഖര്‍ അഹമ്മദാണ് മൂന്നാം വിക്കറ്റായി പുറത്തായത്. താരം 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത് നില്‍ക്കെയാണ് മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്താണ് ഇഫ്തിക്കര്‍ പുറത്തായത്. 

മുഹമ്മദ് റിസ്വാനേയും പിന്നാലെ ഖുഷ്ദിലിനേയും ഒരോവറില്‍ മടക്കി ഹര്‍ദിക് പാണ്ഡ്യ 14ാം ഓവറില്‍ പുറത്തെടുത്ത മികവാണ് പാകിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ചെറുത്തു നിന്ന റിസ്വാന്റെ മടക്കം പാക് ഇന്നിങ്‌സിനെ സാരമായി തന്നെ ബാധിച്ചു. ആദ്യ പന്തില്‍ റിസ്വാനെ മടക്കിയ ഹര്‍ദിക് മൂന്നാം പന്തില്‍ ഖുഷ്ദിലിനേയും പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. 

ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ പിടിച്ചു നിന്ന റിസ്വാന്‍ 42 പന്തില്‍ 43 റണ്‍സുമായാണ് കൂടാരം കയറിയത്. നാല് ഫോറും ഒരു സിക്‌സും സഹിതമാണ് താരം മികച്ച ബാറ്റിങ് പുറത്തെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ആവേശ് ഖാന്‍ ക്യാച്ചെടുത്താണ് റിസ്വാന്‍ മടങ്ങിയത്. ഖുഷ്ദില്‍ ഷാ രണ്ട് റണ്ണുമായി മടങ്ങി. ഹര്‍ദികിന്റെ പന്തില്‍ താരത്തെ ജഡേജയാണ് ക്യാച്ചെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com