വാര്‍ഷിക കരാര്‍; രഹാനെയും ഇഷാന്തും പുറത്തേക്ക്? സ്ഥാനക്കയറ്റത്തിന് ഒരുങ്ങി ശുഭ്മാന്‍ ഗിലും സൂര്യകുമാര്‍ യാദവും

ഭാവിയിലെ ടി20 നായകനാകുമെന്ന് കരുതപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് സി ഗ്രൂപ്പില്‍ നിന്ന് ബിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കും
രഹാനെ/ ഫയൽ
രഹാനെ/ ഫയൽ

മുംബൈ: വെറ്ററന്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ അജിന്‍ക്യ രഹാനെ, പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരെ ബിസിസിഐയുടെ കേന്ദ്ര വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ കരാര്‍ പട്ടികയില്‍ സ്ഥാനം കയറ്റം നല്‍കാനും ആലോചനകളുണ്ട്. 

ഈ മാസം 21ന് നടക്കുന്ന ബോര്‍ഡിന്റെ അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം. ഇതടക്കം 12 വിഷയങ്ങളിലാവും യോഗത്തില്‍ ചര്‍ച്ച നടക്കുക. സീനിയര്‍ പുരുഷ, വനിതാ താരങ്ങളുടെ കരാര്‍ സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും യോഗം ചര്‍ച്ച ചെയ്യുക. 

ഭാവിയിലെ ടി20 നായകനാകുമെന്ന് കരുതപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് സി ഗ്രൂപ്പില്‍ നിന്ന് ബിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കും. നിലവില്‍ ഇന്ത്യയുടെ ഒരു ടീമിലും ഭാഗമല്ലാത്തതാണ് രഹാനെയ്ക്കും ഇഷാന്തിനും വിലങ്ങായി നില്‍ക്കുന്നത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സഹായും കരാറില്‍ നിന്ന് പുറത്താകും. 

എ പ്ലസ് കരാറിലുള്ള താരങ്ങള്‍ക്ക് ഏഴ് കോടി രൂപയും എ കരാറിലുള്ളവര്‍ക്ക് അഞ്ച് കോടിയും ബിയില്‍ മൂന്ന് കോടിയും സിയില്‍ ഒരു കോടിയുമാണ് പ്രതിഫലം. എല്ലാ ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യങ്ങളായ താരങ്ങളാണ് എ പ്ലസ്, , എ പട്ടികയില്‍ വരിക. ടെസ്റ്റില്‍ സ്ഥിരമായി കളിക്കുന്നവരും ഈ പട്ടികയിലായിരിക്കും. രണ്ട് ഫോമാറ്റിലുള്ളവര്‍ ബി പട്ടികയിലും ഒരു ഫോര്‍മാറ്റില്‍ കളിക്കുന്നുവര്‍ സി പട്ടികയിലും ഉള്‍പ്പെടും. താരങ്ങളുടെ പ്രകടനമടക്കമുള്ളവയാണ് സ്ഥാനക്കയറ്റം നല്‍കുന്നതിലടക്കം മാനദണ്ഡമാക്കുന്നത്. 

സൂര്യകുമാര്‍ യാദവ് നിലവില്‍ സി പട്ടികയിലാണ്. സമീപ കാലത്ത് മികച്ച പ്രകടനമാണ് താരം പരിമിത ഓവര്‍ പോരാട്ടത്തില്‍ പുറത്തെടുക്കുന്നത്. അതിനാല്‍ താരത്തെ ബി പട്ടികയിലേക്ക് ഉയര്‍ത്താനാണ് ആലോചിക്കുന്നത്. ശുഭ്മാന്‍ ഗില്‍ ടെസ്റ്റ്, ഏകദിനങ്ങളില്‍ ഇപ്പോള്‍ സ്ഥിര സാന്നിധ്യമാണ്. അതിനാല്‍ താരവും സിയില്‍ നിന്ന് ബിയിലേക്ക് ഉയര്‍ത്തപ്പെടും. വിദേശത്ത് ഇന്ത്യയെ രണ്ട് ടി20കളില്‍ നയിച്ചതോടെയാണ് ഹര്‍ദിക് പാണ്ഡ്യയും സാധ്യതകളിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com