മാരകം ബുമ്ര! പിഴുതെറിഞ്ഞത് ആറ് വിക്കറ്റുകൾ; കരിയർ ബെസ്റ്റ്; ഇം​ഗ്ലണ്ട് 110 റൺസിൽ ഒതുങ്ങി

ടോസ് നേടി ഇന്ത്യ ഇം​ഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ അവർ ബാറ്റിങ് മറന്നുപോയി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഓവൽ: ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസം ഒന്നാം ഏകദിനത്തിൽ പുറത്തെടുത്ത് ഇന്ത്യ. പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയിക്കാൻ 111 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിൽ അവസാനിച്ചു. 

ടോസ് നേടി ഇന്ത്യ ഇം​ഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ അവർ ബാറ്റിങ് മറന്നുപോയി. 

കരിയറിലെ ഏറ്റവും മികച്ച ഏകദിന ബൗളിങ് പുറത്തെടുത്ത ജസ്പ്രിത് ബുമ്രയുടെ മാരക ബൗളിങാണ് ഇം​ഗ്ലണ്ടിന്റെ കണക്കുകൂട്ടൽ പാടേ തെറ്റിച്ചത്. താരം 7.2 ഓവറിൽ മൂന്ന് മെയ്ഡനടക്കം വെറും 19 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും കട്ടയ്ക്ക് നിന്നതോടെ ഇംഗ്ലണ്ട് നിലയിലാ കയത്തിലേക്ക് വീണു. അവിടെ നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. ശേഷിച്ച ഒരു വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും നേടി.

തകർത്തടിക്കാൻ കെൽപ്പുള്ള നാല് നിർണായക താരങ്ങൾ സംപൂജ്യരായി മടങ്ങിയത് ഇം​ഗ്ലീഷ് ടീമിന്റെ തകർച്ച വേ​ഗത്തിലാക്കി. ജാസൻ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൻ എന്നിവരാണ് പൂജ്യത്തിന് മടങ്ങിയത്. 32 പന്തിൽ ആറ് ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഡേവിഡ് വില്ലി (21), ബ്രിഡോന്‍ കേഴ്സ് (15), മൊയിന്‍ അലി (14) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ജോണി‍ ബെയർസ്റ്റോ (20 പന്തിൽ ഏഴ്), ക്രെയ്ഗ് ഓവർട്ടൻ (ഏഴു പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിനു പുറത്താകുമെന്ന തോന്നലുയർന്നെങ്കിലും, ഒൻപതാം വിക്കറ്റിൽ ഡേവിഡ് വില്ലി – ബ്രൈഡൻ കേഴ്സ് സഖ്യം കൂട്ടിച്ചേർത്ത 35 റൺസാണ് ആതിഥേയരെ രക്ഷിച്ചത്. 2001ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയക്കെതിരെ 86 റൺസിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം. വെറും 68 റൺസിനിടെ എട്ട് വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ട് വിക്കറ്റിൽ ചേർത്തത് 42 റൺസ് ചേർത്താണ് സ്കോർ 100 കടത്തിയത്. 

ഇം​ഗ്ലീഷ് നിരയിൽ ടോപ് ഓർഡറിലെ ആദ്യ നാല് ബാറ്റർമാരിൽ മൂന്ന് പേരും ഒരു മത്സരത്തിൽ പൂജ്യത്തിനു പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനു മുൻപ് 2018ൽ ഓസ്ട്രേലിയയ്‌ക്കെതിരെ അഡ്‍ലെയ്‍ഡിൽ ജാസൻ റോയ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവർ പൂജ്യത്തിനു പുറത്തായതാണ് ആദ്യ സംഭവം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com