പാകിസ്ഥാനും ജയത്തിനുമിടയില്‍ മഴ; ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിന്റെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാന്റെ അവസാന പ്രതീക്ഷകള്‍ക്ക് മഴ വില്ലനാകുമോ. 186 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക 69 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങുകയാണ്. ഒന്‍പത് ഓവര്‍ പിന്നിട്ടപ്പോഴാണ് മഴ വില്ലനായത്. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിന്റെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ താരം മടങ്ങി. സമീപ കാലത്തായി മോശം ഫോമില്‍ നില്‍ക്കുന്ന മറ്റൊരു ഓപ്പണറും നായകനുമായ ടെംബ ബവുമ പക്ഷേ ഇത്തവണ മികവ് കാണിച്ചു. 

എന്നാല്‍ മൂന്നാമനായി എത്തിയ റിലി റൂസോ ഏഴ് റണ്‍സുമായി മടങ്ങി. പിന്നാലെ ബവുമയും മടങ്ങി. ക്യാപ്റ്റന്‍ 10 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സ് കണ്ടെത്തി. പിന്നീടെത്തിയ എയ്ഡന്‍ മാര്‍ക്രം മികവോടെ കളിച്ച് വരവെ സ്വന്തം സ്‌കോര്‍ 20ല്‍ എത്തിയപ്പോള്‍ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ഹെയ്ന്റിച് ക്ലാസന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് രണ്ട് റണ്ണുമായി ക്രീസില്‍. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക് സംഘം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് കണ്ടെത്തിയത്. ഷദബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാക് ടോട്ടലിന് മാന്യത നല്‍കിയത്. ഒരു ഘട്ടത്തില്‍ 43 റണ്‍സ് ചേര്‍ക്കുന്നതനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അവരെ അഞ്ചാമനായി ക്രീസിലെത്തിയ ഇഫ്തിഖര്‍ അഹമ്മദും ഏഴാമനായി എത്തിയ ഷദബ് ഖാന്‍ എന്നിവരുടെ ബാറ്റിങാണ് തുണച്ചത്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസും നിര്‍ണായക സംഭാവന നല്‍കി. 

ഷദബ് വെറും 22 പന്തുകള്‍ മാത്രമാണ് നേരിട്ടത്. താരം അടിച്ചെടുത്തത് 52 റണ്‍സ്. മൂന്ന് ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഷദബിന്റെ വെടിക്കെട്ട്. ഇഫ്തിഖര്‍ 35 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 51 റണ്‍സ് അടിച്ചെടുത്തു. 

മുഹമ്മദ് ഹാരിസ് 11 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സ് വാരി. 22 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ് തന്നെ കണ്ടെത്തിയ മുഹമ്മദ് നവാസും തിളങ്ങി. ഇവര്‍ നാല് പേരും ഒഴികെ മറ്റൊരു താരവും രണ്ടക്കം കടന്നില്ല. 

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. എന്നാല്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബാബര്‍ അസം വീണ്ടും നിരാശപ്പെടുത്തി. താരം വെറും ആറ് റണ്‍സുമായി മടങ്ങി. മറ്റൊരു ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ നാല് റണ്‍സ് മാത്രമാണ് ചേര്‍ത്ത്. പിന്നീടാണ് പാക് ടീം മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. 

ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടു.  ആന്റിച് നോര്‍ക്യ നാല് വിക്കറ്റുകള്‍ വീഴ്ത്തി. വെയ്ന്‍ പാര്‍ണല്‍, കഗിസോ റബാഡ, ലുംഗി എന്‍ഗിഡി, ടബ്‌രിസ് ഷംസി എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com