സൂര്യകുമാര്‍ തിളങ്ങി; വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് 159 റണ്‍സ് വിജയലക്ഷ്യം

അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് ഇന്ത്യ മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലന മത്സരത്തില്‍ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ, ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് ഇന്ത്യ മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 52 റണ്‍സെടുത്ത് പുറത്തായി.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ മൂന്നു റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. ജേസണ്‍ ബെന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. 15 റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ 22 റണ്‍സെടുത്ത ദീപക് ഹൂഡയെയും പുറത്താക്കി ബെന്‍ഡോര്‍ഫ് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഒമ്പതു റണ്‍സെടുത്ത ഋഷഭ് പന്തും പുറത്തായി. 

45 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ- സൂര്യകുമാര്‍ യാദവ് സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇന്ത്യന്‍ സ്കോർ 94 ല്‍ നില്‍ക്കെ, 27 റണ്‍സെടുത്ത പാണ്ഡ്യയെ മാത്യു കെല്ലി പുറത്താക്കി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ദിനേശ് കാര്‍ത്തിക്- സൂര്യകുമാര്‍ സഖ്യമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 129 റണ്‍സില്‍ നില്‍ക്കെ, 52 റണ്‍സെടുത്ത സൂര്യകുമാറും പുറത്തായി. 

തുടര്‍ന്ന് കാര്‍ത്തിക് ഹര്‍ഷല്‍ പട്ടേലിന്റെ കൂട്ടുപിടിച്ച് സ്‌കോര്‍ 158 ലെത്തിക്കുകയായിരുന്നു. ഇന്ത്യ വിരാട് കോഹ്‌ലിക്കും കെ എല്‍ രാഹുലിനും വിശ്രമം നല്‍കി. രോഹിതും ഋഷഭ് പന്തുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടു പരിശീലന മത്സരങ്ങളാണ് കളിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com